ബുണ്ടസ് ലീഗയിൽ ഹാരി കെയ്ൻ ഇരട്ട ഗോൾ നേടി റെക്കോഡിട്ട മത്സരത്തിൽ സ്റ്റട്ട്ഗർട്ടിനെ വീഴ്ത്തി ബയേൺ മ്യൂണിക്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. രണ്ട് ഗോൾ നേടിയതോടെ ബുണ്ടസ് ലീഗയിൽ ഏറ്റവും വേഗത്തിൽ 20 ഗോൾ നേടിയ താരമെന്ന റെക്കോഡാണ് കെയ്നിന് സ്വന്തമായത്. 14 മത്സരങ്ങളിൽനിന്നാണ് ഇത്രയും ഗോൾ അടിച്ചുകൂട്ടിയത്. 1963-64 സീസണിൽ ഹാംബർഗിന്റെ ഇതിഹാസ താരം യൂവ് സീലർ 21 മത്സരങ്ങളിൽ നേടിയ 20 ഗോൾനേട്ടമാണ് പഴങ്കഥയായത്. 2020ൽ ബൊറൂസിയ ഡോട്ട്മുണ്ടിന് വേണ്ടി എർലിങ് ഹാലണ്ട് 22 മത്സരങ്ങളിൽ 20 ഗോൾ നേടിയതായിരുന്നു രണ്ടാം സ്ഥാനത്ത്.
പകർച്ചപ്പനി കാരണം മിഡ്ഫീൽഡർമാരായ ജോഷ്വ കിമ്മിച്ചും ലിയോൺ ഗോരട്സ്കയും ഇല്ലാതെയാണ് ബയേൺ ഇറങ്ങിയത്. കളി തുടങ്ങി രണ്ട് മിനിറ്റിനകം കെയ്നിലൂടെ അവർ മുന്നിലെത്തി. വലതു വിങ്ങിലൂടെ മുന്നേറി ഗോളിയെയും രണ്ട് പ്രതിരോധ താരങ്ങളെയും കബളിപ്പിച്ച് ലിറോയ് സാനെ നൽകിയ അത്യുഗ്രൻ പാസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടേണ്ട ദൗത്യമേ കെയ്നിന് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ലഭിച്ച ഫ്രീകിക്കിൽ തലവെച്ച് കിം മിൻ ജേ രണ്ടാം ഗോൾ നേടിയെങ്കിലും ‘വാർ’ പരിശോധനയിൽ ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. ലിറോയ് സാനെയുടെയും കെയ്നിന്റെയും ഗോളെന്നുറച്ച ഷോട്ടുകൾ സ്റ്റട്ട്ഗർട്ട് ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചതും ബയേണിന് തിരിച്ചടിയായി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തോമസ് മുള്ളറും വലയിൽ പന്തെത്തിച്ചെങ്കിലും അതും ‘വാർ’ മുടക്കി.
എന്നാൽ, രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം കെയ്ൻ രണ്ടാം ഗോളും നേടി. ബോക്സിനരികിൽനിന്ന് ലഭിച്ച ഫ്രീകിക്ക് എതിർതാരത്തിന്റെ തലയിൽ തട്ടി എത്തിയത് കെയ്നിന്റെ തലയിലേക്കായിരുന്നു. താരത്തിന്റെ ഹെഡർ ഗോളിക്ക് ഒരവസരവും നൽകിയില്ല. 63ാം മിനിറ്റിൽ പാവ്ലോവിചിന്റെ കോർണറിന് കിം മിൻ ജേ തലവെച്ചപ്പോൾ എതിർ താരത്തിന്റെ കൈയിൽ തട്ടി വലയിൽ കയറിയതോടെ ഗോൾപട്ടികയും പൂർത്തിയാക്കി.
മറ്റൊരു മത്സരത്തിൽ അതിശയക്കുതിപ്പ് തുടരുന്ന ബയേർ ലെവർകുസൻ എതിരില്ലാത്ത മൂന്ന് ഗോളിന് എയ്ട്രാറ്റ് ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സാബി അലോൻസോ പരിശീലിപ്പിക്കുന്ന ടീം തോൽവിയറിയാത്ത 24 മത്സരങ്ങളാണ് പൂർത്തിയാക്കുന്നത്. ഇതോടെ 1982-83 സീസണിലെ ഹാംബർഗിന്റെ റെക്കോഡിനൊപ്പമെത്താനും ലെവർകുസനായി. ലീഗിൽ 15 മത്സരങ്ങൾ പൂർത്തിയാക്കിയ അവർ 39 പോയന്റോടെ ഒന്നാമതാണ്. ഒരു മത്സരം കുറച്ചുകളിച്ച ബയേണിന് 35 പോയന്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.