ലോകകപ്പിലെ ദയനീയ വീഴ്ച പാഠമാക്കി പുതിയ കോച്ചിനു കീഴിൽ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങുന്ന ബെൽജിയത്തിനു മുന്നിൽ മുട്ടുമടക്കി യൂറോ 2024 ആതിഥേയരായ ജർമനിയും. പുതിയ പരിശീലകൻ ഡൊമെനികോ ടെഡസ്കോ ചുമതലയേറ്റ് രണ്ടാം മത്സരവും ജയിച്ച ടീം രണ്ടിനെതിരെ മൂന്നു ഗോളിനാണ് എതിരാളികളെ ചുരുട്ടിക്കൂട്ടിയത്. ഗോളടിച്ചും അസിസ്റ്റ് നൽകിയും ടീമിന്റെ മൂന്നു ഗോളിലും പങ്കാളിയായ കെവിൻ ഡി ബ്രുയിൻ നിറഞ്ഞാടിയ കളിയിൽ ആദ്യാവസാനം നയം വ്യക്തമാക്കിയായിരുന്നു ബെൽജിയം പ്രകടനം. സൗഹൃദ മത്സരമായിട്ടും ഒട്ടും സൗഹൃദമില്ലാതെ കളി നയിച്ച ചുകന്ന ചെകുത്താന്മാർക്കായി ആറാം മിനിറ്റിൽ യാനിക് കരാസ്കോ ലീഡ് പിടിച്ചു. മിനിറ്റുകൾക്കിടെ റൊമേലു ലുക്കാക്കു ലീഡുയർത്തി. ആദ്യ പകുതി അവസാനിക്കാനിരിക്കെ പെനാൽറ്റി വലയിലെത്തിച്ച് നികളാസ് ഫുൾക്രൂഗ് ജർമനിക്ക് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതിയിൽ കെവിൻ ഡി ബ്രുയിൻ പട്ടിക തികച്ചതോടെ ജർമനിക്ക് സമനില പോലും അപ്രാപ്യമായി. അവസാന മിനിറ്റുകളിൽ സെർജി നബ്രി ഒരു ഗോൾ കൂടി മടക്കിയതു മാത്രമായിരുന്നു ആശ്വാസം.
ഖത്തർ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ പുറത്തായ രണ്ടു വമ്പന്മാർ തമ്മിലെ പോരാട്ടത്തിൽ ഹാൻസി ഫ്ലിക്കിന്റെ സംഘത്തിനു മേൽ ആദ്യാവസാനം മേൽക്കൈ നിലനിർത്തിയായിരുന്നു ബെൽജിയം തേരോട്ടം. സ്വന്തം മണ്ണിൽ അടുത്ത വർഷം യൂറോ ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കെ ടീമിന്റെ പ്രകടനം മോശമായത് ആരാധകരെയും ചൊടിപ്പിച്ചു.
ജർമൻ ടീം തീർന്നുവെന്നായിരുന്നു സമൂഹ മാധ്യമത്തിൽ ഒരാളുടെ പ്രതികരണം. അതേ സമയം, ആദ്യാവസാനം മൈതാനത്ത് നിറഞ്ഞുനിന്ന ഡി ബ്രുയിനെ വാഴ്ത്താനും ആരാധകർ മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.