കോഴിക്കോട്: മലബാറിന്റെ മണ്ണിൽ വിരുന്നെത്തിയ സൂപ്പർ കപ്പ് ഫുട്ബാളിന്റെ ആദ്യ സെമി ഫൈനലിന് വെള്ളിയാഴ്ച കോർപറേഷൻ സ്റ്റേഡിയം സാക്ഷിയാവും. എ ഗ്രൂപ് ജേതാക്കളായ ബംഗളൂരു എഫ്.സി സി ഗ്രൂപ്പിലെ മുമ്പനായ ജാംഷഡ്പുർ എഫ്.സിയെ നേരിടും.
വൈകീട്ട് ഏഴിനാണ് സെമി ഫൈനൽ മത്സരം. നേരത്തെ 8.30നായിരുന്നു മത്സരം നിശ്ചയിച്ചത്. സെമിയും ഫൈനലും ഏഴു മണിയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ട് ഏഴിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ ഒഡിഷ എഫ്.സി നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. 25ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ഫൈനൽ.
എ ഗ്രൂപ്പിൽ ശ്രീനിധി ഡെക്കാനോടും കേരള ബ്ലാസ്റ്റേഴ്സിനോടും സമനില പിടിച്ച ബംഗളൂരു റൗണ്ട് ഗ്ലാസ് പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് നേടിയ അഞ്ചു പോയന്റുമായാണ് സെമിയിൽ കടന്നത്.
സി ഗ്രൂപ്പിൽ മൂന്നു കളിയും ജയിച്ച് രാജകീയമായാണ് ജാംഷഡ്പുരിന്റെ സെമി പ്രവേശനം. എഫ്.സി ഗോവയെ 5-3നും എ.ടി.കെ മോഹൻ ബഗാനെ 3-0ത്തിനും ഗോകുലം കേരളയെ 3-2നും തോൽപിച്ച് ആധികാരികമായാണ് ജാംഷഡ്പുരിന്റെ വരവ്.
അതുകൊണ്ടുതന്നെ ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോൾ സെമിയിൽ സാധ്യത കൂടുതൽ ജാംഷഡ്പുരിനാണ്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ മികച്ച പ്രകടനമാണ് ജാംഷഡ്പുരിന്റേത്. മിന്നുന്ന ഫോമിലുള്ള ആസ്ട്രേലിയൻ ഫോർവേഡ് ഹാരിസൺ ഹിക്കി സായറിലാണ് ജാംഷഡ്പുരിന്റെ പ്രതീക്ഷകൾ. കളംനിറഞ്ഞു കളിക്കുന്ന ഇഷാൻ പണ്ഡിതയും ഫാറൂഖ് ചൗധരിയും അവരുടെ കുന്തമുനകളാണ്.
മറുവശത്ത് ക്യാപ്റ്റൻ സുനിൽ ഛേത്രിയെയും ഫിജി സ്ട്രൈക്കർ റോയ് കൃഷ്ണയെയും കേന്ദ്രീകരിച്ചാണ് ബംഗളൂരുവിന്റെ ആക്രമണം. മുൻ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനും കൂട്ടരും തീർക്കുന്ന പ്രതിരോധ കോട്ടയാണ് ബംഗളൂരുവിന്റെ കരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.