യൂറോയിൽ മിന്നും ഫോമിലുള്ള സ്പാനിഷ് സ്ട്രൈക്കർ ഡാനി ഒൽമൊയെ തേടി വമ്പൻ ക്ലബുകൾ രംഗത്ത്. നാല് വർഷമായി ലീപ്സിഗിന് വേണ്ടി പന്തുതട്ടുന്ന താരത്തിനായി മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ബയേൺ മ്യൂണിക് തുടങ്ങിയ വമ്പൻ ക്ലബുകളാണ് താൽപര്യം പ്രകടിപ്പിച്ചത്.
26കാരനായ ലീപ്സിഗ് പ്ലേമേക്കറിന് 52 മില്യൺ പൗണ്ട് റിലീസ് ക്ലോസ് ഉണ്ട്. യൂറോ കപ്പിലെ പ്രകടനം കണക്കിലെടുത്ത് ഡിമാന്റ് വർധിക്കാനാണ് സാധ്യത. റിലീസ് ക്ലോസ് ജൂലൈ 15-ന് അവസാനിക്കുകയും ചെയ്യും. സമയപരിധിക്ക് മുമ്പ് കൈമാറ്റം യാഥാർത്ഥ്യമായില്ലെങ്കിൽ ലീപ്സിഗ് 70 മില്യൺ പൗണ്ട് വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2027 വരെ ക്ലബുമായി ഒൽമൊക്ക് കരാറുള്ളതിനാൽ റിലീസ് ക്ലോസ് സമയപരിധി അവസാനിച്ചാൽ വില വർധിപ്പിക്കാനുള്ള അവകാശം ലീപ്സിഗിന് തന്നെയായിരിക്കും.
ജർമൻ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്കിനെതിരെ ലീപ്സിഗിനായി ഹാട്രിക്ക് നേടിയാണ് ഒൽമ സീസൺ ആരംഭിച്ചത്. യൂറോ സെമി ഫൈനലിൽ ഫ്രാൻസിനെതിരെ വിജയഗോൾ നേടിയത് ഒൽമൊയായിരുന്നു.
ക്വാർട്ടറിൽ പകരക്കാരനായി കളത്തിലെത്തിയ ഒൽമൊയാണ് ജർമനിക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. ജോർജിയക്കെതിരായ പ്രീക്വാർട്ടറിലും പകരക്കാരനായി ഇറങ്ങിയാണ് താരം ഗോൾ കണ്ടെത്തിയത്. ഈ യൂറോയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരങ്ങളിലൊരാളാണ് ഒൽമ. ഫൈനലിലും ഗോൾ കണ്ടെത്താനായാൽ ഗോൾഡൻ ബൂട്ടിനുള്ള അവസരവും ഒൽമൊയെ കാത്തിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.