കൊച്ചി: ഫുട്ബാൾ പ്രേമികളുടെ ആവേശം വാനോളം ഉയർത്താൻ വമ്പൻ താരനിര കേരളത്തിൽ അണിനിരക്കും. സ്ലാട്ടൻ ഇബ്രാഹിമോവിച്, കക്ക, കഫു, ഹൾക്ക് എന്നിങ്ങനെ ലോക ഫുട്ബാളിലെ അതികായർ പന്തുതട്ടാനെത്തുമെന്നതാണ് പ്രഖ്യാപനം. മലയാള മണ്ണിൽ അവർ കളിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്ന സൂപ്പർലീഗ് കേരളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ കാൽപന്ത് പ്രേമികളെ കൂടുതൽ ആവേശത്തിലാക്കുന്നു.
വിദേശ താരങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് ലോകോത്തര നിലവാരത്തിൽ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം. സൂപ്പർ താരങ്ങളിൽ കുറച്ചുപേർ കളിക്കുന്നതിനും മറ്റുള്ളവർ മത്സരങ്ങൾക്ക് ആവേശം പകരുന്നതിനുമായിട്ടാണ് എത്തുക. 15ഓളം താരങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും ഒരുമാസത്തിനുള്ളിൽ കരാറിലെത്തുമെന്നും സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനുശേഷം ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ ആറ് ടീമിനെയാണ് കേരള സൂപ്പർ ലീഗിലേക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രഖ്യാപനം ഈദുൽ ഫിത്വറിന് ശേഷം ഏപ്രിലിൽതന്നെയുണ്ടാകും. മാനദണ്ഡങ്ങളനുസരിച്ച് ഓരോ ടീമിന്റെയും പേരിന് തുടക്കത്തിൽ ജില്ലയുടെ പേര് ചേർത്തിരിക്കണം. സ്വകാര്യസ്ഥാപനങ്ങളുടേതായ ബ്രാൻഡ് നെയിമുകൾ അനുവദിക്കില്ല.
സെപ്റ്റംബറിലാകും മത്സരങ്ങൾ. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, കോഴിക്കോട് മുനിസിപ്പൽ സ്റ്റേഡിയം, മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എന്നിവയാണ് പരിഗണനയിൽ. ഒരു ടീമിലേക്ക് 30 കളിക്കാരെ തെരഞ്ഞെടുക്കാനാണ് പദ്ധതി. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മാനദണ്ഡമനുസരിച്ച് ഓരോ ടീമിലും നാല് വിദേശ കളിക്കാരാണുണ്ടാകുക. ഇന്ത്യൻ കളിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ നിശ്ചിത ശതമാനം മലയാളികളെ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്സ്റ്റാറിലും മത്സരങ്ങൾ സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.