കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഇന്ന് ഏറ്റുമുട്ടും. സാൾട്ട് ലേക്കിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് മത്സരം. അഞ്ചു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒരു ജയവും സമനിലയും രണ്ടു തോൽവിയുമടക്കം നാലു പോയന്റുള്ള ഈസ്റ്റ്ബംഗാൾ ഒമ്പതാം സ്ഥാനത്താണ്. അവസാനം കളിച്ചപ്പോൾ കൊൽക്കത്തക്കാർ കൊച്ചിക്കാരെ 1-0ത്തിന് തോൽപിച്ചിരുന്നു. അതിനും മുമ്പ് രണ്ടുവട്ടം ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിലെ ആരാധകരുടെ നിറഞ്ഞ പിന്തുണയിൽ മുന്നേറിയ ബ്ലാസ്റ്റേഴ്സിന് സാൾട്ട് ലേക്കിൽ എതിർ ടീം ആരാധകർ വെല്ലുവിളിയാകും.
കരിയറിന്റെ ഭൂരിഭാഗവും കൊൽക്കത്തയിൽ കളിച്ച പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സ് ടീമിലുണ്ട്. ഇവർക്ക് തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷയാണ് ആശാൻ ഇവാൻ വുകോമാനോവിച്ചിന്. ഈസ്റ്റ്ബംഗാൾ പോയന്റ് നിലയിൽ പിന്നിലാണെങ്കിലും അപകടകാരിയായ ടീമാണെന്ന് വുകോമാനോവിച്ച് പറഞ്ഞു.
അഡ്രിയാൻ ലൂണ, ഡാനിഷ് ഫാറൂഖ് എന്നിവർ ഫോമിലാണ്. കഴിഞ്ഞ കളിയിലെ സൂപ്പർ സബ് ദിമിത്രിയോസ് ഡയമന്റകോവിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയേക്കും. ഘാനക്കാരൻ സെന്റർ ഫോർവേഡ് ഖ്വാമെ പെപ്രയെ പുറത്തിരുത്തിയേക്കും. ബാറിന് കീഴിൽ സചിൻ സുരേഷിന് മാറ്റമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.