കൊച്ചി: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി കളത്തിലേക്ക്. ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
സൂപ്പർതാരം അഡ്രിയാൻ ലൂണയില്ലാതെ സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധതാരം ജെസൽ കർണെയ്‌റോ നയിക്കുന്ന 29 അംഗ ടീമിൽ 11 പേർ മലയാളികളാണ്. ഐ.എസ്.എൽ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരെ വാക്കൗട്ട് നടത്തിയ ടീമിനും കോച്ചിനും എ.ഐ.എഫ്.എഫ് പിഴ ചുമത്തിയിരുന്നു. വിലക്കുള്ളതിനാൽ ഇവാൻ വുകോമനോവിച്ചിന് പകരം സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനാണ് ചുമതല.
വ്യക്തിപരമായ കാരണങ്ങളാൽ അഡ്രിയാൻ ലൂണക്ക് ക്ലബ് നേരത്തേ അവധി നീട്ടിനൽകിയിരുന്നു. ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശതാരങ്ങളെല്ലാം ഐ.എസ്.എൽ ഇടവേളക്ക് ശേഷം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. കെ.പി. രാഹുൽ, സഹൽ അബ്ദുസ്സമദ്, എം.എസ്. ശ്രീക്കുട്ടൻ, സചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.
ആസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപ്പോസ്തലോസ് ജിയാനു ആണ് ടീമിലെ ഏക ഇന്റർനാഷനൽ എ.എഫ്.സി താരം. മികച്ചപ്രകടനം ലക്ഷ്യമിട്ടാണ് തങ്ങൾ ഹീറോ സൂപ്പർ കപ്പിനുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന് തൊട്ടുപിന്നാലെ മറ്റൊരു ടൂർണമെന്റിനായി ടീം പൂർണമായും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ടീം: പ്രഭ്‌സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സചിൻ സുരേഷ്, മുഹീത് ഷബീർ (ഗോൾകീപ്പർമാർ), വിക്ടർ മോംഗിൽ, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാർ, ജെസൽ കര്‍ണെയ്‌റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ (പ്രതിരോധ താരങ്ങൾ), ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്‌സൺ സിങ്, ഇവാൻ കല്യൂഷ്‌നി, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ (മധ്യനിര താരങ്ങൾ), ബ്രെസ് ബ്രയാൻ മിറാന്‍ഡ, സൗരവ് മണ്ഡൽ, കെ.പി. രാഹുൽ, സഹൽ അബ്ദുസ്സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, എം.എസ്. ശ്രീക്കുട്ടൻ, മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു (മുന്നേറ്റ താരങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.