കൊൽക്കത്ത: ഐ.എസ്.എല്ലിലേക്ക് പുതുതായി സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദൻ സ്പോർട്ടിങ്ങുമായി അവരുടെ മടയിൽചെന്ന് മുട്ടാൻ കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം മണ്ണിൽ ഇനിയും ജയം പിടിച്ചില്ലെന്ന ആധി തീർക്കൽ കൊൽക്കത്ത ടീമിന് ലക്ഷ്യമാണെങ്കിൽ പോയന്റ് നിലയിൽ മുന്നോട്ടുകയറാൻ മിന്നും ജയം അനിവാര്യമാണെന്ന തിരിച്ചറിവുമായാണ് കേരള ടീം ഇറങ്ങുന്നത്. കൊൽക്കത്ത ഡെർബിയിൽ എതിരില്ലാത്ത കാൽഡസൻ ഗോളിന് മോഹൻ ബഗാന് മുന്നിൽ വീണ ക്ഷീണവുമായാണ് മുഹമ്മദൻസ് ഇന്ന് ബൂട്ടുകെട്ടുന്നത്. നാലു കളികളിൽ ആന്ദ്രെ ചെർനിഷോവ് പരിശീലിപ്പിക്കുന്ന ടീമിന്റെ സമ്പാദ്യം നാലു പോയന്റ് മാത്രം. പോയന്റ് പട്ടികയിൽ 10ാമതും.
ഇന്നും ജയിക്കാനായില്ലെങ്കിൽ സ്വന്തം മൈതാനത്തെ ആദ്യ മൂന്നു കളികളിലും ജയം പിടിക്കാനാവാത്ത ജംഷഡ്പൂർ, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് ടീമുകൾക്കൊപ്പമാകും മുഹമ്മദൻസിനും ഇടം. മറുവശത്ത്, അവസാനം കളിച്ച രണ്ടു മത്സരങ്ങളിലും സമനിലയിൽ കുരുങ്ങിയാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഇടവേള കഴിഞ്ഞിറങ്ങുമ്പോൾ സൂപ്പർ താരം അഡ്രിയൻ ലൂണകൂടി ആദ്യ ഇലവനിലുണ്ടെന്നതാണ് ഏറ്റവും വലിയ കരുത്ത്. ലൂണക്കൊപ്പം നോഹ സദാഊയികൂടി ചേരുമ്പോൾ ഏതുനിരക്കും ശരിക്കും ഭീഷണി ഉയർത്താൻ മഞ്ഞപ്പടക്കാകും. എന്നാൽ, എവേ മത്സരങ്ങളിലെ തലവേദന തീർക്കൽ കേരള ബ്ലാസ്റ്റേഴ്സിന് ലക്ഷ്യമാണ്. ടീം അവസാനം കളിച്ച ഒമ്പത് എവേ കളികളിൽ ഒരു ജയം മാത്രമാണ് സമ്പാദ്യം. പക്ഷേ, കൊൽക്കത്ത സമീപകാലത്ത് ടീമിന് ഭാഗ്യ മണ്ണാണ്. ഒടുവിലെ രണ്ടു കളികളും ജയിച്ച ടീം ഇന്നും ജയിച്ചാൽ ചരിത്രമാകും. ഒപ്പം, ആദ്യ ആറിൽ ഇടം ഭദ്രമാക്കി വരും നാളുകളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിപ്പിന് വഴിയൊരുക്കൽ കൂടിയാകും. ഐ.എസ്.എല്ലിൽ ഇരുടീമുകളും തമ്മിലെ കന്നിയങ്കമാണെന്ന പ്രത്യേകത കൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.