യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയകുതിപ്പ് തുടരുന്ന ബാഴ്സലോണയെ ആശങ്കയിലാഴ്ത്തി യുവതാരം പൗ കുബാർസിയുടെ പരിക്ക്. സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ മത്സരത്തിലാണ് 17 കാരനായ പ്രതിരോധ താരത്തിന് മുഖത്തിന് ഗുരുതര പരിക്കേറ്റത്.
മുഖത്ത് 10 തുന്നലുകളുണ്ട് താരത്തിനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ക്രോസിന് തലവെക്കാൻ ശ്രമിക്കുന്നതിനിടെ റെഡ് സ്റ്റാർ താരം ഉറോസ് സ്പാജിക്കിൻ്റെ ബൂട്ടിന്റെ സ്റ്റഡുകൾ മുഖത്ത് തട്ടുകയായിരുന്നു. കളിതീരാൻ 20 മിനിറ്റ് ശേഷിക്കെ താരത്തിന് കളം വിടേണ്ടിയുംവന്നു.
തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങിൽ കുബാർസിയുടെ മുഖത്ത് പത്ത് തുന്നലുകൾ കാണാം. വൈദ്യ പരിചരണത്തിന് വിധേയനായതായി ഹാൻസി ഫ്ലിക്കും സ്ഥിരീകരിച്ചു.
മത്സരത്തിൽ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ ജയിച്ചത്. യൂറോപ്യൻ പോരാട്ടത്തിൽ ബാഴ്സയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇനിഗോ മാർട്ടിനെസ്, റാഫിഞ്ഞ, ഫെർമിനീ ലോപസ് എന്നിവരും ബാഴ്സക്കായി ഗോളുകൾ നേടി. സിലാസ്, മിൽസൺ എന്നിവർ റെഡ് സ്റ്റാറിനായി ഗോൾ കണ്ടെത്തി. സീസണിൽ ക്ലബിന്‍റെ ടോപ് സ്കോററായ ലെവൻഡോവ്സ്കി ചരിത്ര നേട്ടത്തിനരികെയാണ്. ചാമ്പ്യൻസ് ലീഗിൽ താരത്തിന്‍റെ ഗോൾനേട്ടം 124 മത്സരങ്ങളിൽനിന്നായി 99 ആയി. ഒരു ഗോൾ കൂടി നേടിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ശേഷം ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമാകും.
സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 16 മത്സരങ്ങളിൽ 19 തവണയാണ് പോളിഷുകാരൻ വല ചലിപ്പിച്ചത്. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളുകളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ഹാൻസി ഫ്ലിക്കിന്‍റെ സംഘം എതിരാളികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.