മലപ്പുറം: സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ മേഘാലയക്കെതിരെ ബംഗാളിന് വിജയം. മൂന്നിനെതിരെ നാലു ഗോളുകൾ നേടിയാണ് ബംഗാൾ ജയം. തുടക്കം മുതൽ ഇരുപക്ഷവും ആക്രമിച്ചുകളിച്ച മത്സരത്തിൽ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതാണ് മേഘാലയക്ക് തിരിച്ചടിയായത്. സ്കോർ 4-3ൽ നിൽക്കെയാണ് മേഘാലയക്ക് അനുകൂലമായി 85ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി ബംഗാൾ ഗോൾ കീപ്പർ പ്രിയന്ത് കുമാർ സിങ് രക്ഷപ്പെടുത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി ബംഗാളിന് ആറു പോയന്‍റും ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി മേഘാലയക്ക് നാലു പോയന്‍റുമാണ്. ബംഗാളിനായി ഫർദീൻ അലി മൊല്ലയും മഹിതേഷ് റോയിയും രണ്ടു ഗോൾ വീതവും മേഘാലയക്കായി ഷനേ ടരിയാങ് രണ്ടും സാഗ്തി സനായി ഒരു ഗോളും നേടി.
23ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറിയ ദിലിപ് ഒര്‍വാന്‍ നല്‍കിയ പാസ് വലതുവിങ്ങില്‍നിന്ന് ഓടിയെത്തിയ ഫര്‍ദിന്‍ അലി മൊല്ല ലക്ഷ്യത്തിലെത്തിച്ച് ബംഗാളിനായി ആദ്യ ഗോൾ നേടി. 40ാം മിനിറ്റിൽ മേഘാലയ സമനില പിടിച്ചു. മധ്യനിരയില്‍നിന്ന് കന്‍സായിബോര്‍ ലുയിഡ് നല്‍കിയ പാസ് ബംഗാള്‍ പ്രതിരോധ താരം രക്ഷപ്പെടുത്തിയെങ്കിലും വീണുകിട്ടിയ അവസരം സാഗ്തി സനായി ഗോളാക്കി മാറ്റി. 43ാം മിനിറ്റിൽ ബംഗാളിന്‍റെ ഫര്‍ദിന്‍ അലി മൊല്ലയെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫര്‍ദിന്‍ തന്നെ ഗോളാക്കി.
മേഘാലയയുടെ സമനിലഗോളോടെയാണ് രണ്ടാം പകുതിയുടെ തുടക്കം. 46ാം മിനിറ്റിൽ ബംഗാൾ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പകരക്കാരനായി എത്തിയ ഷനേ ടരിയാങ്ങാണ് ഗോൾ നേടിയത്. 49ാം മിനിറ്റിൽ ബംഗാള്‍ വീണ്ടും മുന്നിൽ. ബോക്‌സിന് അകത്തുനിന്ന് ലഭിച്ച പന്ത് മഹിതോഷ് റോയ് മികച്ച ഫിനിഷിങ്ങിലൂടെ ഗോളാക്കി മാറ്റി. 65ാം മിനിറ്റിൽ ഷനേ ടരിയാങ്ങിന്‍റെ രണ്ടാം ഗോളിലൂടെ മേഘാലയ സമനില പിടിച്ചു. 69ാം മിനിറ്റിലാണ് ബംഗാൾ അവസാന ഗോൾ നേടിയത്. വലതുവിങ്ങില്‍നിന്ന് ദിലിപ് ഒര്‍വാന്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് മഹിതോഷ് റോയ് ഗോളാക്കി മാറ്റുകയായിരുന്നു. കോര്‍ണർ കിക്കില്‍ ബംഗാളിന്‍റെ മധ്യനിര താരം സജല്‍ ബാഗിന്‍റെ കൈയില്‍ തട്ടിയതിന് ലഭിച്ച പെനാല്‍റ്റി മേഘാലയന്‍ ക്യാപ്റ്റന്‍ ഹാര്‍ഡി ക്ലിഫാണ് നഷ്ടപ്പെടുത്തിയത്. ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയ പന്ത് ഹാര്‍ഡി പോസ്റ്റിലേക്ക് വീണ്ടും അടിച്ചെങ്കിലും രണ്ടാം തവണയും ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.