സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നും ഖത്തർ ലോകകപ്പിന് ടിക്കറ്റെടുക്കുന്ന ആദ്യ രാജ്യമായി ബ്രസീൽ. സാവോപോളോയിലെ നിയോ ക്വിമിക്ക അരീനയിൽ വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തിൽ ബ്രസീൽ കൊളംബിയയെ 1-0ത്തിന് തോൽപിച്ചു.
72ാം മിനിറ്റിൽ ലൂകാസ് പാക്വറ്റയാണ് ബ്രസീലിനായി ഗോൾ നേടിയത്. സൂപ്പർ താരം നെയ്മർ ഗോളിന് വഴിയൊരുക്കി. യോഗ്യതാ റൗണ്ടിൽ ഒരേയൊരു സമനില കൊളംബിയക്കെതിരെയായിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ഇതിന്‍റെ ക്ഷീണം തീർക്കുകയായിരുന്നു നെയ്‌മറും സംഘവും.
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ തുടങ്ങിയത് മുതൽ ബ്രസീലാണ് പോയിന്‍റ് പട്ടികയിൽ മുമ്പിൽ. മത്സരങ്ങൾ പുരോഗമിക്കവേ രണ്ടാം സ്ഥാനക്കാരായ അർജന്‍റീനയുമായുള്ള പോയിന്‍റ് വ്യത്യാസം കുറഞ്ഞതല്ലാതെ ബ്രസീലിന്‍റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിരുന്നില്ല.
12 മത്സരങ്ങളിൽ നിന്ന് 34 പോയിന്‍റുമായി ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്. 11 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുമായി അർജന്‍റീനയാണ് രണ്ടാമത്. 16 പോയിന്‍റുമായി കൊളംബിയ അഞ്ചാം സ്ഥാനത്താണ്. ഇതോടെ വരുന്ന ചൊവ്വാഴ്ച അർജന്‍റീനയെ നേരിടുന്ന ബ്രസീലിന് സമ്മർദങ്ങളില്ലാെത കളത്തിലിറങ്ങാനാകും.
ഇരുടീമുകളും തമ്മിൽ ബ്രസീലിൽ നടന്ന ആദ്യപാദം കിക്കോഫിന് ഏഴുമിനിറ്റിനു ശേഷം ബ്രസീൽ പൊലീസിന്‍റെ ഇടപെടൽ മൂലം ഉപേക്ഷിച്ചിരുന്നു. അർജന്‍റീന ടീം ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആരോഗ്യ വകുപ്പും പൊലീസും ഇടപെട്ടത്.
യോഗ്യതാ റൗണ്ടിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണു ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാർ വൻകരാ പ്ലേഓഫ് കളിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.