ഇൻജുറി ടൈമിൽ പെനാൽറ്റി; സ്പെയിനോട് സമനിലയിൽ രക്ഷപ്പെട്ട് ബ്രസീൽ

മഡ്രിഡ്: രാജ്യാന്തര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ സ്പെയിനെതിരെ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിൽ സമനില കൊണ്ട് രക്ഷപ്പെട്ട് ബ്രസീൽ. റയൽ മഡ്രിഡിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിൽ പിറന്ന ആറു ഗോളുകളിൽ മൂന്നും പെനാൽറ്റിയിൽനിന്നായിരുന്നു. സ്പെയിനായി റോഡ്രി ഇരട്ട ഗോളുകളുമായി തിളങ്ങി. പെനാൽറ്റിയിൽനിന്നാണ് രണ്ടു ഗോളുകളും നേടിയത്. ഡാനി ഒൽമോയും ലക്ഷ്യം കണ്ടു. റോഡ്രിഗോ, ബ്രസീലിന്‍റെ വണ്ടർ കിഡ് എൻഡ്രിക്, ലൂകാസ് പക്വെറ്റ എന്നിവർ കാനറികൾക്കായി വലകുലുക്കി. സ്പെയിനാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റോഡ്രി അനായാസം ലക്ഷ്യത്തിലെത്തിച്ചു. 36ാം മിനിറ്റിൽ ഡാനി മികച്ചൊരു ഒറ്റയാൾ മുന്നേറ്റത്തിലൂടെ ലീഡ് വർധിപ്പിച്ചു.

ഇടവേളക്കു പിരിയാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കെ റോഡ്രിഗോ ബ്രസീലിനായി ഒരു ഗോൾ മടക്കി. 50ാം മിനിറ്റിൽ റയൽ മഡ്രിഡ് താരങ്ങളെ കൂടി ആവേശഭരിതരാക്കി എൻഡ്രിക്കിലൂടെ ബ്രസീൽ സമനില പിടിച്ചു. ക്ലബിലേക്കു വരവേൽക്കാൻ റയൽ കാത്തുനിൽക്കുന്ന താരമാണ് എൻഡ്രിക്. വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഈ പതിനേഴുകാരന്‍റെ കന്നി ഗോളിലാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്.

ഈ സീസണിനൊടുവിൽ പാൽമിരാസിൽനിന്ന് റയലിലേക്കു കൂടുമാറാനിരിക്കുകയാണ് താരം. വെംബ്ലിയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരം കൂടിയാണ് എൻഡ്രിക്ക്. നിശ്ചിത സമയം അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെയാണ് സ്പെയിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത റോഡ്രിക്കിന് ഇത്തവണയും പിഴച്ചില്ല.

സ്പെയിൻ ജയം ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത പക്വെറ്റ പന്ത് അനായാസം വലയിലാക്കി. ഇരു ടീമുകളും 3-3 എന്ന സ്കോറിൽ മത്സരം അവസാനിപ്പിച്ചു. കഴിഞ്ഞദിവസം വെസ്റ്റ്ഹാമിന്‍റെ ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് ലൂയിസ് എന്റിക്വെയുടെ സ്പെയിൻ പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - Brazil drew 3-3 with Spain in a friendly at Real Madrid's Bernabeu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.