ഇഞ്ചുറി ഷോക്ക് തുടർന്ന് ലെവർകൂസൻ; വുൾവ്സ്ബർഗിനെതിരെ അവസാന മിനിറ്റിൽ വിജയ ഗോൾ

ബർലിൻ: വിജയ ഗോളിന് അവസാന വിസിൽവരെ കാത്തുനിൽക്കുന്ന ശീലം ഇത്തവണയും ചാമ്പ്യന്മാരായ ബയേർ ലെവർകൂസൻ തെറ്റിച്ചില്ല. വുൾവ്സ്ബർഗിനെതിരായ ബുണ്ടസ് ലിഗ മത്സരത്തിലാണ് ഇത്തവണ ടീം ഇഞ്ചുറി സമയത്തെ ഗോളിൽ വിജയം പിടിച്ചത്. ആദ്യ സ്ഥാനക്കാരായ ബയേണുമായി അടുത്തയാഴ്ച മത്സരം നടക്കാനിരിക്കെ കൂടുതൽ ആത്മവിശ്വാസം പകരുന്നതായി ബയേറിന് വിജയം.

രണ്ടുവട്ടം പിറകിൽനിന്ന ശേഷമായിരുന്നു വിജയത്തിലേക്ക് ടീം ഗോളടിച്ചുകയറിയത്. അഞ്ചാം മിനിറ്റിൽ നോർഡി മുകിയേല വുൾവ്സ്ബർഗിനെ മുന്നിലെത്തിച്ചതോടെയാണ് കളിയുണർന്നത്. ഫ്ലോറിയൻ വിർട്സും ജൊനാഥൻ ടാഹും ഗോൾ നേടി ബയേറിന് ലീഡ് നൽകി. എന്നാൽ, പകുതിയാകുമ്പോഴേക്ക് വീണ്ടും വുൾവ്സ്ബർഗ് തന്നെ ലീഡു നേടി. സെബാസ്റ്റ്യൻ ബോർണോവ്, മാത്തിയാസ് സ്വാൻബർഗ് എന്നിവരായിരുന്നു സ്കോറർമാർ. അടുത്ത പകുതിയിൽ പിയറോ ഹിൻകാപി ഗോളടിച്ച് ലെവർകൂസനെ ഒപ്പമെത്തിച്ചു. അതോടെ, പ്രതിരോധം കൂടുതൽ കടുപ്പിച്ച വുൾവ്സ്ബർഗ് വലയിൽ ചെറിയ വഴി തുറന്നെടുത്ത് ബോണിഫസായിരുന്നു അവസാന മിനിറ്റിൽ വിജയ ഗോൾ അടിച്ചുകയറ്റിയത്.

പ്രതിരോധത്തിൽ വലിയ വിള്ളലുകൾ അനുവദിക്കുന്ന ലെവർകൂസൻ ആദ്യ നാലു കളികൾ പൂർത്തിയാകുമ്പോൾ 13 എണ്ണം എതിർവലയിലെത്തിച്ചതിനൊപ്പം ഒമ്പതെണ്ണം വഴങ്ങിയിട്ടുമുണ്ട്. കഴിഞ്ഞ മാസം ലൈപ്സീഗിനെതിരെ 2-3ന് തോൽക്കുക കൂടി ചെയ്തതോടെ നിലവിൽ ബയേണാണ് പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത്. വിൻസെന്റ് കൊമ്പനിക്ക് കീഴിൽ കൂടുതൽ കരുത്താർജിച്ച ബയേൺ അത്രയും കളികളിൽ 16 എണ്ണം എതിർവലയിലെത്തിച്ചപ്പോൾ മൂന്നെണ്ണം മാത്രമാണ് വാങ്ങിയത്.

Tags:    
News Summary - Bundesliga: Boniface strikes late as Leverkusen complete 4-3 comeback win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.