ലാ ലിഗയിൽ ബാഴ്സലോണയോട് നാലു ഗോളുകൾക്ക് തോറ്റെങ്കിലും മത്സരത്തിൽ ആരാധകരുടെ ഹൃദയം കീഴടക്കിയത് കാഡിസ് ഗോൾകീപ്പർ ജെറീമിയസ് ലെഡെസ്മയാണ്. മത്സരത്തിനിടെ ഗാലറിയിൽ ഹൃദയാഘാതം മൂലം ബോധരഹിതനായി വീണ ആരാധകന്‍റെ ജീവൻരക്ഷിക്കാനായി അർജന്‍റീനൻ താരം നടത്തിയ സമയോചിത ഇടപെടലാണ് ഫുട്ബാൾ ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയത്.
മത്സരത്തിൽ ബാഴ്സലോണ 2-0ന് മുന്നിട്ടുനിൽക്കുന്നതിനിടെ 81ാം മിനിറ്റിലാണ് സംഭവം. പോസ്റ്റിനു പിന്നിലെ ഗാലറിയിലുണ്ടായിരുന്നയാൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ജീവൻരക്ഷിക്കാൻ വേണ്ടി ലഡെസ്മ ഉടൻ ഇടപെടുകയായിരുന്നു. മത്സരം നിർത്തിവെക്കുന്നതിനു മുമ്പേ ലെഡെസ്മ ഡഗ്ഔട്ടിലേക്ക് ഓടി ടീമിന്‍റെ മെഡിക്കൽ കിറ്റെടുത്ത് തിരിച്ചോടി കുഴഞ്ഞുവീണയാളുടെ സമീപത്തുണ്ടായിരുന്നു ആരോഗ്യപ്രവർത്തകർക്ക് എറിഞ്ഞുകൊടുത്തു.
ഇതിനിടെയാണ് സംഭവം റഫറിയുടെ ശ്രദ്ധയിൽപെടുന്നത്. പിന്നാലെ കളി താൽക്കാലികമായി നിർത്തിവെച്ചു.
ലെഡെസ്മ മെഡിക്കൽ കിറ്റുമായി ഓടുന്നതിന്‍റെയും എറിഞ്ഞുകൊടുക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് താരത്തിന്‍റെ നല്ലമനസ്സിനെ പ്രശംസിച്ച് രംഗത്തുവന്നത്. ആരാധകന് വേഗത്തിൽ ഇലക്ട്രിക് പൾസ് നൽകിയതിനാൽ ജീവൻ വീണ്ടെടുക്കാനായി. ഈസമയം താരങ്ങളും ഗാലറിയിലുള്ളവരും ആരാധകനുവേണ്ടി പ്രാർഥനയിലായിരുന്നു. ബാഴ്‌സ പ്രതിരോധ താരം റൊണാൾഡ് അരൗജോയും കാഡിസ് താരം ഫാലിയും പ്രാർഥിക്കുന്നതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രാഥമിക ചികിത്സക്കുശേഷം ആരാധകനെ സമീപത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്. ലെഡെസ്മയുടെ സത്യസന്ധമായ ഇടപെടൽ ഒരാളുടെ ജീവൻ രക്ഷിച്ചെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.