യൂറോ-കോപ്പ അമേരിക്ക പോരാട്ടങ്ങൾക്ക് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഫ്രാൻസിനെ ഗോൾ രഹിത സമനിലയിൽ തളച്ച് കാനഡ. സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെയെ ബെഞ്ചിലിരുത്തി തുടങ്ങിയ ഫ്രാൻസ് മികച്ച നീക്കങ്ങളേറെ നടത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല.
യൂറോ ചാമ്പ്യൻഷിപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഫ്രഞ്ച് സ്ട്രൈക്കർ ഒലിവിയർ ജിറൂഡിന് സ്വന്തം മണ്ണിലെ അവസാന മത്സരമായിരുന്നു ഇത്. ജിറൂഡിനൊപ്പം തുറാമും ഗ്രീസ്മാനു ഡെംബല്ലെയുമാണ് ആദ്യ പകുതിയിൽ ഫ്രഞ്ച് മുന്നേറ്റം നയിച്ചത്.
ആദ്യ പകുതിയിൽ തുറാമിന്റെയും എൻഗോളോ കാൻറയുടേയും ഗോളുറപ്പിച്ച നീക്കങ്ങൾ കാനഡയുടെ ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു.
74-ാം മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ കളത്തിലെത്തിയെങ്കിലും വിജയഗോൾ നേടാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ജൂൺ ആറിന് നടന്ന മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രാൻസ് തോൽപ്പിച്ചിരുന്നു. എന്നാൽ യൂറോ കപ്പിനൊരുങ്ങുന്ന ഫ്രാൻസിന് കാനഡയോടേറ്റ സമനില ക്ഷീണമായി.
ജൂൺ 21ന് കോപ്പ അമേരിക്കയിൽ കരുത്തരായ അർജന്റീനയെ നേരിടാനൊരുങ്ങുന്ന കാനഡക്ക് ഈ സമനില കരുത്തേകും.
മറ്റൊരു സൗഹൃദ മത്സരത്തിൽ ഇറ്റലി ജയിച്ചു. ബോസ്നിയക്കെതിരെ ഏകപക്ഷീയ ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം. 38 ാം മിനിറ്റിൽ ഇറ്റാലിയൻ സ്ട്രൈക്കർ ഡേവിഡ് ഫ്രാറ്റസിയാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.