അർജന്റീനക്കെതിരായ മത്സരത്തിന് പിന്നാലെ കളിക്കാരന് സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപം; അന്വേഷണവുമായി കാനഡ

അർജന്റീനക്കെതിരായ കോപ അമേരിക്കയി​ലെ മത്സരത്തിന് പിന്നാലെ കളിക്കാരന് നേരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപമുണ്ടായതിൽ അന്വേഷണവുമായി കാനഡ.അതേസമയം, ഏത് കളിക്കാരന് നേരെയാണ് വംശീയാധിക്ഷേപം ഉണ്ടായതെന്ന് കാനഡ വെളിപ്പെടുത്തിയിട്ടില്ല. സെന്റർ ബാക്ക് മോയിസ് ബോംബിറ്റോക്ക് നേരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വംശീയാധിക്ഷേപമുണ്ടായതെന്നാണ് റിപ്പോർട്ട്.

ലയണൽ മെസ്സിയെ ടാക്കിൾ ചെയ്തതിനെ തുടർന്നാണ് മോയിസിന് നേരെ വംശീയാധിക്ഷേപം ഉണ്ടായതെന്നാണ് സൂചന. അസ്വസ്ഥപ്പെടുത്തുന്ന കമന്റുകളാണ് മോയിസിന് നേരെ വന്നതെന്ന് കാനഡ പ്രതികരിച്ചിട്ടുണ്ട്. കോൺകാഫ് ഉൾപ്പടെയുള്ള ഫുട്ബാൾ സംഘടനകളേയും കാനഡ വിവരം അറിയിച്ചു. നേരത്തെ ഫുട്ബാൾ താരങ്ങൾക്ക് നേരെ ഓൺലൈനിലൂടെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ വിവിധ ഫുട്ബാൾ അസോസിയേഷനുകൾക്ക് ഫിഫ നിർദേശം നൽകിയിരുന്നു.

തെക്കനമേരിക്കൻ ഫുട്ബാളിന്റെ രാജകിരീടം നിലർത്താനുള്ള പോർക്കളത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം ജയത്തോടെ തുടങ്ങിയിരുന്നു. കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ കാനഡയുടെ കടുത്ത ചെറുത്തുനിൽപിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീന തച്ചുടച്ചത്.

49-ാം മിനിറ്റിൽ ഹൂലിയൻ ആൽവാരെസിലൂടെ മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാർക്കുവേണ്ടി 88-ാം മിനിറ്റിൽ ലൗതാറോ മാർട്ടിനെസിന്റെ ബൂട്ടിൽനിന്നായിരുന്നു രണ്ടാം ഗോൾ. രണ്ടു ഗോളുകൾക്കും ചരടുവലിച്ചത് നായകനും ഇതിഹാസ താരവുമായ മെസ്സിയായിരുന്നു.

Tags:    
News Summary - Canada probes online racist abuse of player after tournament opener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.