ലണ്ടൻ: ഫസ്റ്റ് ഇലവനിലെ 10 പേർ കോവിഡ് ബാധിച്ച് പുറത്തിരുന്നിട്ടും ലോകത്തെ ഏറ്റവും താരത്തിളക്കമുള്ള ടീമായ റയൽ മഡ്രിഡിനെ വീഴ്ത്തിയ ഷാക്തറായിരുന്നു കഴിഞ്ഞ രാത്രിയിലെ ടീം നമ്പർ വൺ.
ആദ്യ പകുതിയിൽ 13 മിനിറ്റിെൻറ ഇടവേളയിൽ മൂന്നുവട്ടം എതിർ ഗോൾ വല ചലിപ്പിക്കുകയും ഉടനീളം കളി നിയന്ത്രിക്കുകയും ചെയ്ത ഷാക്തറിനു മുന്നിൽ കവാത്ത് മറന്ന് ഓടിനടന്ന നിലവിലെ ലാ ലിഗ ജേതാക്കൾക്ക് ചാമ്പ്യൻസ് ലീഗ് പുതിയ സീസണിൽ ഞെട്ടിക്കുന്ന തോൽവിയോടെ തുടക്കം. സ്കോർ 2-3. 10 കളിക്കാർക്ക് പുറമെ ഒമ്പത് ജീവനക്കാർക്കും കോവിഡ് വന്നതോടെ എല്ലാം തകർന്നെന്ന് കരുതിയയിടത്തുനിന്നാണ് യുക്രെയ്നിയൻ ക്ലബ് ഉയിർത്തെഴുന്നേറ്റത്. 29ാം മിനിറ്റിൽ ടെലിയിലൂടെ ആദ്യ ഗോൾ കുറിച്ച ഷാക്തറിന് 42ാം മിനിറ്റിൽ മാനർ സോളമനും സ്കോർ ചെയ്തു. അതിനിടെ റാഫേൽ വരാനെയുടെ സെൽഫ് ഗോളും തുണയായി. രണ്ടാം പകുതിയിൽ ലൂക്ക മോഡ്രിച്ചും വിനീഷ്യസ് ജൂനിയറുമായിരുന്നു റയൽ നിരയിലെ സ്കോറർമാർ.
ലാ ലിഗ കരുത്തരായ അത്ലറ്റിക്കോക്കെതിരെ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ബയേണിെൻറ വിജയം. കിങ്സ്ലി കോമാൻ രണ്ടുവട്ടം വല ചലിപ്പിച്ചപ്പോൾ ഗോറെറ്റ്സ്കയും ടോളിസോയും ഓരോ ഗോൾ വീതം നേടി. തുല്യ ശക്തികൾ ഇഞ്ചോടിഞ്ച് പൊരുതിയ മറ്റൊരു മത്സരത്തിൽ നിക്കൊളാസ് ടാഗ്ലിയാഫികോയുടെ സെൽഫ് ഗോളിൽ അയാക്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ലിവർപൂൾ വിലപ്പെട്ട മൂന്നു പോയൻറ് സ്വന്തമാക്കി. പോർചുഗീസ് ക്ലബായ പോർട്ടോക്കെതിരെ 3-1നായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സെർജിയോ അഗ്യൂറോ, ഗുണ്ടൊഗൻ, ഫെറാൻ ടോറസ് എന്നിവർ സിറ്റിക്കായും ലൂയിസ് ഡയസ് പോർട്ടോക്കും ഗോൾ നേടി. റൊമേലു ലുക്കാക്കു രണ്ടുവട്ടം വല ചലിപ്പിച്ച കളിയിൽ ജർമൻ ക്ലബായ മൊൻഷെൻഗ്ലാഡ്ബാഹിനോട് ഇൻറർ മിലാൻ 2-2ന് സമനില വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.