ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോർജിയോ ചെല്ലിനി, മത്യാസ് ഡി ലിറ്റ് തുടങ്ങിയ പ്രധാനികളുടെ അസാന്നിധ്യത്തിൽ മൂർച്ച കുറഞ്ഞ യുവൻറസിനെ ടൂറിനിൽ കീഴടക്കി ബാഴ്സലോണ. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സ ജയം. പ്രതിരോധത്തിനും മുന്നേറ്റത്തിനും മൂർച്ച നഷ്ടമായ യുവൻറസിനായി അൽവേരാ മൊറാറ്റ മൂന്നുവട്ടം ബാഴ്സ വലകുലുക്കിയെങ്കിലും എല്ലാം ഒാഫ് സൈഡ് ട്രാപ്പിൽ കുടുങ്ങിയത് നിർഭാഗ്യമായി.
അടിമുടി മികവ് നിലനിർത്തിയായിരുന്നു ബാഴ്സയുടെ വിജയം. 14ാം മിനിറ്റിൽ മെസ്സി നൽകിയ പന്തിനെ ഉജ്ജ്വലമായ ഫിനിഷിലൂടെ വലയിലാക്കി ഒസ്മാനെ ഡെംബലെ ആദ്യം സ്കോർ ചെയ്തു. പിന്നാലെ മൊറാറ്റ പലവട്ടം ഭീഷണിപ്പെടുത്തിയെങ്കിലും ഭാഗ്യം ബാഴ്സക്കൊപ്പമായിരുന്നു. ഒടുവിൽ 91ാം മിനിറ്റിൽ അൻസു ഫാതിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിലാക്കി മെസ്സി രണ്ടാം ഗോളും നേടി പട്ടിക തികച്ചു.
കോച്ച് റൊണാൾഡ് കൂമാെൻറ വാക്കുകളിൽ പറഞ്ഞാൽ, അദ്ദേഹത്തിനു കീഴിൽ ടീമിെൻറ പെർഫക്ട് മാച്ച്. ''ക്ലബിലെത്തിയ ശേഷം ഏറ്റവും സമ്പൂർണമായ മത്സരം. മധ്യനിരയിൽ ബാഴ്സ കൂടുതൽ ഒത്തിണക്കവും ക്രിയാത്മകതയും പ്രകടമാക്കി. ഏറ്റവും കരുത്തരായ ടീമിനെതിരെ ഏറ്റവും മികച്ച കളി തന്നെയാണ് പുറത്തെടുത്തത്. ഒരുപാട് ഗോൾ അവസരങ്ങൾ ഒരുക്കി. ഇൗ കളിയും ഫലവും ഏറെ സന്തോഷം നൽകുന്നു'' -കോച്ച് കൂമാെൻറ വാക്കുകളിൽ നിറഞ്ഞ സംതൃപ്തി.
നായകനായി മെസ്സിയും, പടവെട്ടാൻ ഡെബലെ, പെഡ്രി, ഡിയോങ് തുടങ്ങിയ യുവതാരങ്ങളുടെ നിരയുമായാണ് ബാഴ്സ യുവൻറസിനെ നേരിട്ടത്. മെസ്സി-പെഡ്രി- ഡെംബലെ കൂട്ടുകെട്ട് സൃഷ്ടിച്ചു നൽകിയ അവസരങ്ങളെ ഫിനിഷ് ചെയ്യുന്നതിൽ ഗ്രീസ്മാന് പിഴച്ചത് ഗോളുകളുടെ എണ്ണം കുറച്ചു. മൊറാറ്റയുടെ ഏകാംഗ ആക്രമണമായി യുവൻറസ് മാറി. അതേസമയം, പരിചയസമ്പന്നരായ നിരയുടെ അസാന്നിധ്യമാണ് യുവൻറസിന് തിരിച്ചടിയായതെന്നായിരുന്നു കോച്ച് പിർലോയുടെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.