മാഡ്രിഡ്: 2005ന് ശേഷം ആദ്യമായി ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണോൾഡോയുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ. കഴിഞ്ഞ ദിവസം നടന്ന പി.എസ്.ജിയുമായുള്ള മത്സരത്തിൽ സമനില വഴങ്ങി ബാഴ്സ പുറത്തായതോടെയാണ് ഇരു താരങ്ങളുമില്ലാത്ത ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിന് കളമൊരുങ്ങിയത്. ചൊവ്വാഴ്ച യുവന്‍ററസും ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു.
ബാഴ്സലോണ-പി.എസ്.ജി മത്സരത്തിൽ ആദ്യം വലകുലുക്കിയത് പി.എസ്.ജിയായിരുന്നു. 30ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ എംബാപ്പയാണ് ഗോൾ നേടിയത്. ഏഴ് മിനിറ്റിന് ശേഷം മെസിയിലൂടെ ബാഴ്സ മറുപടി നൽകി. 25 വാര അകലെ നിന്ന് മെസി തൊടുത്ത ഷോട്ട് ഗോൾപോസ്റ്റിന്‍റെ ഇടതുമൂലയിൽ ചെന്ന് പതിച്ചു.
ആദ്യപകുതിയിൽ മികച്ച കളി പുറത്തെടുത്തത് ബാഴ്സലോണയായിരുന്നുവെങ്കിലും മികച്ച ഗോളവസരങ്ങൾ തുറന്നെടുക്കാൻ അവർക്കായില്ല. 61ാം മിനിറ്റിൽ വലകുലുക്കൻ മെസിക്ക് വീണ്ടും അവസരം ലഭിച്ചുവെങ്കിലും പാഴായി. കളി അവസാനിച്ചപ്പോൾ ഇരുപാദങ്ങളിലുമായി പി.എസ്.ജി അഞ്ച് ഗോൾ നേടിയപ്പോൾ ബാഴ്സക്ക് രണ്ടെണ്ണം മാത്രമേ തിരിച്ചടിക്കാൻ സാധിച്ചുള്ളു. ആദ്യപാദ മത്സരത്തിൽ 4-1നാണ് പി.എസ്.ജി ജയിച്ചത്. എംബാപ്പയുടെ ഹാട്രിക്കാണ് അന്നും പി.എസ്.ജിക്ക് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.