മഡ്രിഡ്: ഉജ്വല ജയങ്ങളുമായി റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അറ്റ്ലാന്റയെ 3-1ന് തോൽപിച്ചാണ് റയൽ മഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4-1ന് വിജയിച്ചാണ് റയൽ അവസാന എട്ടിൽ സ്ഥാനം നേടിയത്.
കരീം ബെൻസേമ (34), സെർജിയോ റാമോസ് (60), മാർകോ അസൻസിയോ () എന്നിവരാണ് റയലിനായി വലകുലുക്കിയത്. 83ാം മിനിറ്റിൽ ലൂയിസ് മുറീലാണ് അറ്റ്ലാന്റക്കായി ആശ്വാസ ഗോൾ നേടിയത്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് ആറാം തവണയാണ് ബെൻസേമ ലക്ഷ്യം കാണുന്നത്.
2018ന് ശേഷം ആദ്യമായാണ് റയൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണുന്നത്. കഴിഞ്ഞ തവണ മാഞ്ചസ്റ്റർ സിറ്റിയും 2019ൽ അയാക്സ് ആംസ്റ്റർഡാമുമാണ് റയലിനെ പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തിൽ ബൊറൂസിയ മോൻഷൻഗ്ലാഡ്ബാഹിനെ 2-0ത്തിന് തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റിയും ക്വാർട്ടർ ബെർത്തുറപ്പിച്ചു. കെവിൻ ഡിബ്രൂയിനും (12) ഇൽകായ് ഗുണ്ടോഗനുമാണ് (18) ആദ്യ പകുതിയിൽ സിറ്റിക്കായി സ്കോർ ചെയ്തത്. ജർമൻ ടീമിനെതിരെ ഇരുപാദങ്ങളിലുമായി 4-0ത്തിനാണ് ഇംഗ്ലീഷ് കരുത്തരുടെ വിജയം.
ബൊറൂസിയ ഡോർട്മുണ്ട് (ജർമനി), ലിവർപൂൾ (ഇംഗ്ലണ്ട്), മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്), പി.എസ്.ജി (ഫ്രാൻസ്), എഫ്.സി പോർട്ടോ (പോർചുഗൽ), റയൽ മഡ്രിഡ് (സ്പെയിൻ) എന്നീ ടീമുകളാണ് ഇതുവരെ ക്വാർട്ടറിൽ പ്രവേശിച്ച ടീമുകൾ.
ചെൽസി x അത്ലറ്റികോ മഡ്രിഡ്, ബയേൺ മ്യൂണിക് x ലാസിയോ മത്സരങ്ങൾ ശേഷിക്കുന്ന ക്വാർട്ടർ ഫൈനലിസ്റ്റുകളെ നിശ്ചയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.