ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ലണ്ടൻ ഡെർബിയിൽ കൊമ്പുകോർത്ത് ചെൽസി-ടോട്ടൻഹാം ഹോട്സ്പർ പരിശീലകർ. വാശിയേറിയ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ഇറ്റാലിയൻ കബ്ല് നാപോളിയിൽനിന്ന് ടീമിലെത്തിയ സെനഗാൾ താരം ഖാലിദോ കോലിബാലിയുടെ മനോഹരമായ വോളിയിലൂടെ മത്സരത്തിൽ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. ലീഡ് ഉയർത്താൻ ചെൽസി നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആദ്യ പകുതിയിൽ മത്സരം ചെൽസിയുടെ നിയന്ത്രണത്തിലായിരുന്നു. രണ്ടാംപകുതിയിൽ ടോട്ടൻഹാമും മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കണ്ടത്. 69ാം മിനിറ്റിൽ പിയറി എമൈൽ ഹോജ്‌ബ്‌ജെർഗിന്‍റെ ഗോളിലൂടെ ടോട്ടൻഹാം ഒപ്പമെത്തി.
ആവേശം അതിരുവിട്ട ടോട്ടൻഹാം പരിശീലകൻ അന്‍റോണിയോ കോന്‍റോ സന്തോഷം പ്രകടിപ്പിച്ചത് ചെൽസി പരിശീലകൻ തോമസ് ടുഷെലിന്‍റെ അടുത്തുചെന്നായിരുന്നു. പിന്നാലെ ഇരുവരും കൊമ്പുകോർത്തെങ്കിലും സ്റ്റാഫ് അംഗങ്ങൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാൽ, അന്‍റോണിയോയുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. 10 മിനിറ്റിനുശേഷം റീസ് ജെയിംസ് ചെൽസിയെ ക്ലോസ് റേഞ്ചിൽ നിന്ന് മികച്ച ഫിനിഷിലൂടെ മുന്നിലെത്തിച്ചു.
ടുഷെലിന് അതൊരു മധുര പ്രതികാരവും. മത്സരത്തിന്‍റെ അവസാന നിമിഷം ഹാരി കെയ്ൻ നാടകീയമായ ഒരു സമനില ഗോൾ നേടി തിരിച്ചടിച്ചു. ഇതോടെ മത്സരം സമനിലയിലായി. മത്സരത്തിനിടെ ഏറ്റുമുട്ടിയതിന് ഇരു പരിശീലകർക്കും ചുവപ്പ് കാർഡ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.