ലണ്ടൻ: തോമസ് ടുച്ചെൽ വന്നതിൽപിന്നെ തോൽവി മറന്ന് കുതിക്കുന്ന ചെൽസിക്കു മുന്നിൽ സ്വന്തം കളിമുറ്റത്ത് തോൽവി വഴങ്ങി ചെമ്പട. ആദ്യ പകുതിയുടെ അവസാനത്തിൽ മേസൺ മൗണ്ട് നേടിയ ഏക ഗോളിനാണ് ലിവർപൂൾ കരുത്തരായ നീലക്കുപ്പായക്കാർക്ക് മുന്നിൽ തോറ്റുമടങ്ങിയത്. ഇതോടെ, ചരിത്രത്തിലാദ്യമായി ആൻഫീൽഡിൽ തുടർച്ചയായ അഞ്ചാം തോൽവിയെന്ന മോശം റെക്കോഡും ലിവർപൂൾ സ്വന്തം പേരിൽ കുറിച്ചു. വീഴ്ചയിൽ പോയിന്‍റ് പട്ടികയിലും താഴോട്ടിറങ്ങിയ ലിവർപൂൾ ഏഴാം സ്ഥാനത്താണിപ്പോൾ. ചെൽസിയാകട്ടെ, നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
രണ്ടാം സ്ഥാനക്കാരെക്കാൾ 18 പോയിന്‍റ് ലീഡുമായി കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ ലിവർപൂൾ ആൻഫീൽഡിൽ തുടർച്ചയായി 68 കളികൾ തോൽവിയറിയാതെ കുതിച്ച് റെക്കോഡുകൾ പഴങ്കഥയാക്കിയിരുന്നു. പുതിയ സീസണിൽ പക്ഷേ, തോൽവിയും നാണക്കേടും മാത്രമായി തുടരുന്ന േക്ലാപിന്‍റെ കുട്ടികൾ ദുർബലരായ എതിരാളികളോടും ജയിക്കാനാകാതെ വിയർക്കുന്നത് പതിവു കാഴ്ച. ജനുവരിയിൽ ബേൺലിക്കെതിരെ തോറ്റു തുടങ്ങിയ ടീം രണ്ടു മാസം കഴിഞ്ഞിട്ടും തിരിച്ചുകയറിയിട്ടില്ല.
വ്യാഴാഴ്ചയും ആദ്യ പകുതി ഭരിച്ചത് ചെൽസിയായിരുന്നു. നേരത്തെ ടിമോ വെർണർ അലിസണെ വീഴ്ത്തിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. പിറകെയാണ് മനോഹര നീക്കവുമായി മൗണ്ട് 42ാം മിനിറ്റിൽ വല തൊട്ടത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമവുമായി ഒത്തുപിടിച്ച ചെമ്പട പക്ഷേ, ലക്ഷ്യം കാണുന്നതിൽ പിഴച്ചു. മറുവശത്ത് വെർണറെ മുന്നിൽ നിർത്തി ആക്രമണം കനപ്പിച്ച ചെൽസി അലിസണെ പലവട്ടം പരീക്ഷിച്ചു.
തുടരെ അഞ്ചു കളികൾ തോറ്റ് ദുഷ്പേര് സ്വന്തമാക്കിയ ലിവർപൂളിന് ആൻഫീൽഡിൽ തുടർച്ചയായ 10 മണിക്കൂറിനിടെ ഗോൾ നേടാനായിട്ടില്ലെന്നതും മറ്റൊരു വസ്തുത. നേരത്തെ അഞ്ചു വർഷത്തിനിടെ ഇതേ മൈതാനത്ത് നാലു കളികൾ മാത്രം തോറ്റ റെക്കോഡുള്ളവരാണ് ആഴ്ചകൾക്കിടെ തോൽവി തുടർക്കഥയാക്കിയത്. മുമ്പ് ടീമിന്‍റെ പ്രതീക്ഷയായിരുന്ന മുഹമ്മദ് സലാഹിനെ ഇത്തവണ മോശം പ്രകടനത്തിന്‍റെ പേരിൽ കോച്ച് പിൻവലിക്കുന്നതിനും മൈതാനം സാക്ഷിയായി.
ചാമ്പ്യൻസ് ലീഗ് യോഗ്യതയായ ആദ്യ നാലിൽ ഇടംപിടിക്കാൻ ഇനി ലിവർപൂളിന് ശരിക്കും വിയർെപാഴുക്കേണ്ടിവരും. അഞ്ചാമതുള്ള എവർടണാണ് അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.