ലണ്ടൻ: കഴിഞ്ഞ രണ്ടു തവണത്തെയും ചാമ്പ്യന്മാർ ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമി കളിക്കാനില്ല. നിലവിലെ കിരീടജേതാക്കളായ ചെൽസി കരുത്തരായ റയലിനു മുന്നിലും തൊട്ടുമുമ്പ് കപ്പുയർത്തിയ ബയേൺ മ്യൂണിക് വിയ്യ റയലിനോടുമാണ് വീണത്. ക്വാർട്ടർ ആദ്യപാദത്തിലെ തോൽവിക്ക് മധുരപ്രതികാരമെന്നോണം മൂന്നു ഗോളടിച്ച് സെമിക്കരികെ നിന്ന ശേഷമായിരുന്നു നീലക്കുപ്പായക്കാർ റയലിനോട് തോൽവിയുമായി മടങ്ങിയത്. സ്വന്തം തട്ടകത്തിൽ ആദ്യ പാദം ജയിച്ച വിയ്യ അതേ വീര്യം കാട്ടിയ രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയാണ് ബയേൺ മ്യൂണിക് പുറത്തേക്ക് വഴിതുറന്നത്.
തോൽവിക്കഥകൾ വേട്ടയാടുമ്പോഴും ചാമ്പ്യൻസ് ലീഗിലെത്തിയാൽ റയൽ മഡ്രിഡ് ലെവൽ വേറെയാണ്. ഇത്തവണയും അവർക്കു മുന്നിൽ ചരിത്രം വഴിമാറി. കാൽഡസൻ ഗോളുകൾ വാങ്ങിക്കൂട്ടി കണ്ണീരിനരികെ നിന്ന ടീം സ്വപ്നത്തിലെന്നപോലെ തിരിച്ചുവന്നു. രണ്ടു ഗോൾ തിരിച്ചടിച്ച് ഇരുപാദ ശരാശരിയിൽ ലീഡുമായി സെമിയിൽ.
ആദ്യ പാദത്തിലെ രണ്ടു ഗോൾ ലീഡിന്റെ സന്തോഷത്തിലായിരുന്നു സാന്റിയാഗോ ബെർണബ്യൂവിൽ ആതിഥേയർ ബൂട്ടുകെട്ടിയത്. എന്നാൽ, കളി തുടങ്ങി കാൽമണിക്കൂർ പൂർത്തിയാകുമ്പോൾ ആദ്യ ഞെട്ടലായി മേസൺ മൗണ്ടിന്റെ ബൂട്ടിൽനിന്ന് ചെൽസി ആദ്യ ഗോൾ കുറിച്ചു. വൈകാതെ അന്റോണിയോ റൂഡിഗർ നീലക്കുപ്പായക്കാരെ മുന്നിലെത്തിച്ചു. അപ്പോഴും പ്രതീക്ഷയോടെ കാത്തുനിന്ന റയലിന്റെ നെഞ്ചു പിളർത്തി 75ാം മിനിറ്റിൽ വെർണർ ലീഡ് മൂന്നാക്കി. നേരത്തേ പരിശീലകൻ പ്രവചിച്ച ഹോളിവുഡ് സിനിമപോലെ സെമി പ്രവേശനം സംഭവിച്ച ആവേശത്തിൽ കളി തണുപ്പിച്ച ചെൽസിയെ ഞെട്ടിച്ച് റോഡ്രിഗോ 80ാം മിനിറ്റിൽ റയലിനെ ഒപ്പമെത്തിച്ചു.
കളി അധിക സമയത്തേക്കു നീങ്ങിയതോടെ ഇരു ടീമുകളും സബ്സ്റ്റിറ്റ്യൂഷനുകളുമായി ആക്രമണത്തിന് മൂർച്ച കൂട്ടി. അതിനിടെ, 96ാം മിനിറ്റിലായിരുന്നു മൈതാനത്തെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് കരീം ബെൻസേമ ടീമിനെ മുന്നിലെത്തിച്ചത്. വിനീഷ്യസ് ജൂനിയർ നൽകിയ സമർഥമായ പാസിലായിരുന്നു ആളൊഴിഞ്ഞുനിന്ന ബെൺസേമയുടെ ഹെഡർ ഗോൾ. കൈവിട്ടുപോയ ചെൽസി ഗോൾ മടക്കാൻ നിരന്തരം ഗോൾമുഖത്ത് നടത്തിയ മിന്നായങ്ങൾ ലക്ഷ്യംകാണാതെ മടങ്ങി. ഹകീം സിയെക്, കയ് ഹാവെർട്സ്, ജോർജീഞ്ഞോ തുടങ്ങിയവരെ വലക്കരികെ നിർഭാഗ്യം വഴിമുടക്കി. കളി 2-3ന് തോറ്റെങ്കിലും ശരാശരിയിൽ 5-4ന് മുന്നിലെത്തിയായിരുന്നു റയലിന്റെ സ്വപ്നക്കുതിപ്പ്.
വിയ്യ റയലൊരുക്കിയ കെണിയിൽ വീണ് ബയേൺ. സ്വന്തം കളിമുറ്റത്ത് അനായാസം ജയിക്കാമായിരുന്ന കളി 1-1ന് സമനിലയിൽ പിരിഞ്ഞതോടെ ശരാശരിയിൽ കീഴടങ്ങിയാണ് മുൻ ചാമ്പ്യന്മാർ മടങ്ങിയത്. ഉനയ് എമറി പരിശീലിപ്പിച്ച വിയ്യ ആദ്യ പാദത്തിൽ സ്വന്തം മൈതാനത്ത് ഒരു ഗോൾ ജയം കുറിച്ചിരുന്നു. അത് മറികടക്കാൻ ഉറച്ച ബയേണിനായി 52ാം മിനിറ്റിൽ ലെവൻഡോവ്സ്കി കളി ഒപ്പംപിടിച്ചു. എന്നാൽ, 88ാം മിനിറ്റിൽ സാമുവൽ ചുക്വേസ വിയ്യക്ക് നിർണായക ഗോളും സെമിപ്രവേശനവും സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.