ലണ്ടൻ: 13 തവണ ചാമ്പ്യന്മാരെന്ന അത്യപൂർവ റെക്കോഡിന്‍റെ കരുത്തുമായി ഇംഗ്ലീഷ് മണ്ണിൽ വിജയം തേടിയെത്തിയ റയൽ മഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു വീഴ്ത്തി നീലക്കുപ്പായക്കാർ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്. പരിശീലകൻ ടക്കലിനു കീഴിൽ എല്ലാം മാറിയ സ്റ്റാംഫോഡ് ബ്രിഡ്ജിൽ സ്പാനിഷ് കൊമ്പന്മാർ മുട്ടുകുത്തിയേതാടെ ഇടവേളക്കു ശേഷം ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ഫൈനൽ. പി.എസ്.ജിയെ വീഴ്ത്തി നേരത്തെ ഇടമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിയാണ് ഇസ്റ്റാംബൂൾ മൈതാനത്ത് ചാമ്പ്യന്മാരെ തേടിയുള്ള വലിയ പോരിൽ ചെൽസിക്ക് എതിരാളികൾ.
ആദ്യ പകുതിയിൽ തിമോ വേർണറിലൂടെ ഒരു ഗോളിന് ലീഡ് പിടിച്ചിട്ടും ശ്വാസമടക്കിപ്പിടിച്ചായിരുന്നു കുമ്മായവരക്കരികെ സ്വന്തം താരങ്ങളുടെ കളിക്കൊപ്പം കണ്ണുപായിച്ച് ടക്കൽ നിലയുറപ്പിച്ചത്. ഏത് ആംഗിളിലും ഗോൾ അടിച്ചുകയറ്റാൻ ശേഷിയുള്ള കരീം ബെൻസേമയും സംഘവും എപ്പോഴും സമനില പിടിക്കുമെന്നും കളി കൊണ്ടുപോകുമെന്നുമായിരുന്നു ആധി. കളിയിലുടനീളം നിയന്ത്രണം പിടിക്കുകയും ഗോളവസരങ്ങൾ പലതു തുറക്കുകയും ചെയ്തിട്ടും ആധി തുടർന്നു. അതിനിടെ പിറന്ന എണ്ണംപറഞ്ഞ ഷോട്ടുകൾ ക്രോസ്ബാറിലോ തിബോ കുർട്ടോയുടെ വിശ്വസ്ത കരങ്ങളിലോ തട്ടി മടങ്ങുകയും ചെയ്തതും ആശങ്കയേറ്റി. പക്ഷേ, എല്ലാം അസ്ഥാനത്താക്കിയായിരുന്നു കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ക്രിസ്റ്റ്യൻ പുലിസിച്ച് സ്വയം ടിച്ചുകയറ്റാമായിരുന്ന അവസരം മേസൺ മൗണ്ടിൻെ കാലിലേക്ക് നൽകുന്നതും ലീഡ് രണ്ടായി ഉയരുന്നതും.
അതോടെ തുടങ്ങിയ ആഘോഷം കളിയവസാനിച്ചിട്ടും മൈതാനത്തു തുടർന്നു.
ചാമ്പ്യൻസ് ലീഗിൽ ഏഴുവട്ടം സെമിയിലെത്തിയ ചെൽസിക്ക് അഞ്ചുവട്ടവും തോറ്റതാണ് ചരിത്രം. മൊണാക്കോയും ലിവർപൂളും മുതൽ ബാഴ്സലോണയും അത്ലറ്റികോ മഡ്രിഡും വരെ പലരായിരുന്നു എതിരാളികളെന്നു മാത്രം. ഇത്തവണ പക്ഷേ, ഓർമയിലെ കറകൾ തീർത്ത് ഏകപക്ഷീയമായി ടീം ജയിച്ചു. മൊത്തം സ്കോർ 3-1.
േഗാളവസരങ്ങളിലേറെയും സൃഷ്ടിച്ച നീലക്കുപ്പായക്കാർക്കു തന്നെയായിരുന്നു സ്വന്തം ൈമതാനത്ത് കളിമികവും. പതിവു ശൈലിയായ 3-5-2നു പകരം 4-3-3 എന്നതിലേക്കു മാറിയിട്ടും സിദാൻ സംഘം വലിയ വെല്ലുവിളി ഉയർത്തിയില്ല. 18ാം മിനിറ്റിൽ ആദ്യ അവസരം ക്രോസ്ബാറിൽ തട്ടിയതും വൈകാതെ ബെൻസേമയുടെ പൊള്ളുന്ന ഷോട്ട് ഗോളി ആയാസപ്പെട്ട് രക്ഷപ്പെടുത്തിയതും മാത്രമായിരുന്നു എടുത്തുപറയാവുന്നത്. മറുവശത്ത്, തിമോ വേർണറും സംഘവും പലവട്ടം റയൽ ഗോൾമുഖത്ത് മിന്നായം തീർത്തു. കാന്‍റെയായിരുന്നു വേർണറുടെ ആദ്യ ഗോളിന്‍റെ ശിൽപി. പതിയെ കാൽവെച്ച് വല ചലിപ്പിക്കൽ മാത്രമേ വേർണർക്ക് വേണ്ടിവന്നുള്ളൂ. രണ്ടാമത്തേതിൽ പുലിസിച്ച് ഒറ്റക്ക് അടിക്കുമെന്ന് തോന്നിച്ചെങ്കിലും കൈകൾ വിരിച്ച് മുന്നിലെത്തിയ കുർട്ടോയെ കണ്ട് പതിയെ മൗണ്ടിന് ക്രോസ് ചെയ്യുകയായിരുന്നു.
ഒരു മാസം മുമ്പ് എഫ്.എ കപ്പ് സെമിയിൽ ചെൽസി തോൽപിച്ചുവിട്ട സംഘമാണ് സിറ്റിയെങ്കിലും ചരിത്രത്തിലാദ്യമായി തുറന്നുകിട്ടിയ അവസരം ഇനിയൊരു കാത്തിരിപ്പിന് വിട്ടുനൽകാതെ കിരീടവുമായി മടങ്ങാനാണ് ഗാർഡിയോള സംഘത്തിന്‍റെ പ്രതിജ്ഞ. ഇരു ടീമുകളും സെമി മത്സരങ്ങൾ ആധികാരികമായി ജയിച്ചെത്തിയവരായതിനാൽ ഫൈനൽ പോരാട്ടം കനക്കും.
മേയ് 29നാണ് മത്സരം. ഇരു ടീമുകളുടെയും 4,000 വീതം കാണികൾക്ക് ഇസ്റ്റംബൂളിലെ അതാതുർക്ക് സ്റ്റേഡിയത്തിൽ വീക്ഷിക്കാനെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.