സാന്റിയാഗോ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ചിലിയൻ ഫുട്ബാൾ ക്ലബായ ഡിപ്പോർട്ടിവോ പലെസ്തേനോ. ഫലസ്തീന് ഐക്യദാർഢ്യവുമായി അറബിക് വേഷമണിഞ്ഞാണ് ടീമംഗങ്ങളെല്ലാം കളിക്കാനിറങ്ങിയത്.
തെക്കനമേരിക്കൻ രാജ്യമായ ചിലിയിൽ 1920ൽ കുടിയേറിയ ഫലസ്തീനികളാണ് ഒസോർണോ നഗരം കേന്ദ്രീകരിച്ച് ഫുട്ബാൾ ക്ലബ് സ്ഥാപിച്ചത്. ചിലിയിലുള്ള ഫലസ്തീൻ കുടിയേറ്റക്കാരിൽ മഹാഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. ചിലിയിലെ ഒന്നാം നമ്പർ ഫുട്ബാൾ ലീഗിലാണ് ഡിപ്പോർട്ടിവോ കളിക്കുന്നത്. ഐക്യദാർഢ്യം പ്രകടിപ്പിച്ച മത്സരത്തിൽ കോളോ കോളോയെ 2-1ന് ഡിപ്പോർട്ടീവോ തോൽപ്പിച്ചിരുന്നു.
''ഞങ്ങളുടെ ടീമിന്‍റെ പ്രധാന സവിശേഷതകളിലൊന്നാണ് ഫലസ്തീൻ സ്വത്വം. കെഫിയ (അറേബ്യൻ ഷാൾ) അടക്കമുള്ള അടക്കമുള്ള പ്രതീകങ്ങൾ ഫലസ്തീനുമായുള്ള ബന്ധം കാണിക്കാനായാണ് ധരിച്ചത്. ഈ പ്രതികൂലാവസ്ഥയിൽ ഫലസ്തീനായി എല്ലാവരും കൂടെ നിൽക്കേണ്ടതുണ്ട്'' -ക്ലബ് പ്രസിഡന്‍റ് ജോർഗ് ഉയാ പ്രതികരിച്ചു.
ജറൂസലെമിലെ മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുള്ള ആക്രമണത്തിൽ ഇന്ന് 215പേർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായ മൂന്നാംദിവസമാണ് ഇസ്രയേൽ ആക്രമണം. കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷഭൂമിയാക്കിയത്. ഇസ്രായേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.