മെസ്സിയെ കെട്ടിപ്പിടിച്ച ആരാധകന് പണികൊടുത്ത് പൊലീസ്; ശിക്ഷയിങ്ങനെ...

ബീജിങ്: വർക്കേഴ്സ് സ്റ്റേഡിയത്തിൽ അർജന്റീനയും ആസ്ട്രേലിയയും തമ്മിലുള്ള സൗഹൃദപ്പോരിനിടെ കനത്ത സുരക്ഷാവലയം ഭേദിച്ച് ഗ്രൗണ്ടിലേക്കോടിയെത്തി തന്റെ ഇഷ്ടതാരം ലയണൽ മെസ്സിയെ ആശ്ലേഷിച്ച് ലോകത്തിന്റെ മുഴുവൻ ​ശ്രദ്ധ നേടിയ കൗമാരക്കാരനെ പിടികൂടി പൊലീസ്. 18 വയസ്സ് തികയാത്തതിനാൽ നടപടിയുണ്ടാകില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ, ഡി എന്ന് പേരുള്ള 18കാരനെ പിടികൂടി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ബീജിങ് പൊലീസ് അറിയിച്ചു. എന്നാൽ എത്ര കാലത്തേക്കെന്ന് വെളിപ്പെടുത്തിയിട്ടില്ല. 12 മാസത്തേക്ക് സമാന മത്സരങ്ങൾക്ക് കാണിയായി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ആരാധകൻ ക്ഷമാപണം നടത്തുകയും ശിക്ഷ അംഗീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മത്സരത്തിനിടെ സുരക്ഷ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്കോടി മെസ്സിയെ കെട്ടിപ്പിടിക്കുകയും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് കൈകൊടുക്കുകയും ചെയ്ത ആരാധകന്റെ വിഡിയോ ലോകമെങ്ങും ഫുട്ബാൾ പ്രേമികൾ ഏറ്റെടുത്തിരുന്നു. മെസ്സിയുടെ പത്താം നമ്പർ ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയ അവന്റെ പിറകെ സുരക്ഷ പൊലീസ് ഓടുമ്പോൾ സ്റ്റേഡിയം നിറഞ്ഞ കാണികൾ ആർപ്പുവിളികളും കൈയടികളുമായി ആ നിമിഷങ്ങ​ളെ ആഘോഷമാക്കി. ആഗ്രഹ സാഫല്യത്തിന് പിന്നാലെ മൈതാനത്ത് ആസ്ട്രേലിയയുടെ പെനാൽറ്റി ബോക്സിൽ കിടന്ന് ആ ചൈനീസ് ആരാധകൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ‘പിടികൊടുത്തു’. അവർ കൈയും കാലും പിടിച്ച് തൂ​ക്കിയെടുത്ത് കൊണ്ടുപോകുമ്പോൾ സന്തോഷം മറച്ചുവെക്കാതെ ചിരിച്ചുകൊണ്ടിരു​ന്ന ദൃശ്യങ്ങളും അവന്റെ മൈതാനത്തെ ‘കൈയേറ്റ’ത്തിനൊപ്പംതന്നെ വൈറലായിരുന്നു.

താൻ ചെയ്തത് ശരിയായില്ലെന്ന് പിന്നീട് ‘മെസ്സി ഫാൻ ക്ലബി’ന് നൽകിയ അഭിമുഖത്തിൽ ആരാധകൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതോടൊപ്പം, സുരക്ഷാ പിഴവുക​ളെ വിമർശിക്കുകയും ചെയ്തു. ‘തീർച്ചയായും, ഞാൻ ഗ്രൗണ്ടിലെത്തിയ സംഭവം സുരക്ഷ ജോലികളിൽ പിഴവു സംഭവിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി അധികൃതരെ ഉണർത്തുന്നതാണ്. അതു​കൊണ്ടാണ് എനിക്ക് അത്തരമൊരു അവസരമൊരുങ്ങിയത്. ഭാവിയിൽ ബീജിങ്ങിൽ ഒട്ടേറെ രാജ്യാന്തര മത്സരങ്ങൾ വരും. അപ്പോൾ സുരക്ഷ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു’ -ആരാധകൻ പറഞ്ഞു. എന്റെ കായികക്ഷമത നന്നായിരുന്നുവെന്ന് ബോധ്യമായതോടെ മെസ്സിയെ ആലിംഗനം ചെയ്ത ശേഷം ഗോൾകീപ്പർ മാർട്ടിനസിന്റെ നേരെ ഓടുകയായിരുന്നു. മെസ്സിയെ ആശ്ലേഷിക്കാൻ എനിക്ക് കഴിഞ്ഞുവെന്ന വലിയ സന്തോഷമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ കഴിയാതിരുന്നതിൽ നിരാശയുമുണ്ട്. അടുത്ത തവണ ഞാൻ മിയാമിയിൽ പോകും. മെസ്സിയോട് ഓട്ടോഗ്രാഫ് വാങ്ങും. അത് ഇത്തവണത്തേതുപോലെ മൈതാനത്തേക്ക് കടന്നുകയറിയായിരിക്കില്ല. ബീജിങ്ങിൽ അങ്ങനെ ചെയ്തതിന് എല്ലാവരോടും മാപ്പു ചോദിക്കു​ന്നു.’ -ലിയോ മെസ്സി 10 ഫാൻ ക്ലബ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആരാധകൻ വ്യക്തമാക്കി.

Tags:    
News Summary - Chinese police detains fan who hugged Messi; It is the punishment...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.