മുൻ ചെൽസി, ന്യുകാസിൽ താരം ക്രിസ്റ്റ്യൻ അറ്റ്സു തുർക്കി ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരണമെത്തുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. നാളുകൾ നീണ്ട തെരച്ചിലിനൊടുവിൽ അന്താക്യയിലെ കെട്ടിടത്തിനടിയിൽനിന്ന് മരിച്ച നിലയിലായിരുന്നു താരത്തെ പുറത്തെടുത്തത്.
എന്നാൽ, കുടുംബത്തിനൊപ്പം ചേരാൻ അതേ ദിവസം രാത്രി 11ന് തുർക്കിയിൽനിന്ന് പുറപ്പെടാനിരുന്നതായിരുന്നു താരമെന്ന് സ്വന്തം ക്ലബായ ഹതായ്സ്പോർ മാനേജർ ഫാതിഹ് ഇലെക് പറയുന്നു. തുർക്കി സൂപർ ലീഗിൽ തലേദിവസം ഹതായ്സ്പോറിനായി ഇറങ്ങി അവസാന മിനിറ്റിൽ ഗോളടിച്ചതോടെ തത്കാലം തുർക്കിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം ടിക്കറ്റ് റദ്ദാക്കി അവിടെ തുടർന്നത് പക്ഷേ, വൻ ദുരന്തത്തിലേക്കായി.
ഹതായ്സ്പോറിനെ വിജയിപ്പിച്ച ഗോളെത്തുന്നത് 98ാം മിനിറ്റിലെ ഫ്രീകിക്കിലായിരുന്നു. ടീമിനൊപ്പം ജയം ആഘോഷിക്കാമെന്നു കരുതിയാണ് താരം തത്കാലം ടിക്കറ്റ് റദ്ദാക്കിയത്. കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു സ്പോർട്സ് ഡയറക്ടർക്കൊപ്പം താരവും അന്തിയുറങ്ങിയത്. പുലർച്ചെയെത്തിയ ഭൂകമ്പത്തിൽ എല്ലാം നിലംപൊത്തി. അകത്തുകുടുങ്ങിയ താരത്തെ പുറത്തെത്തിക്കാൻ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയതിനൊടുവിൽ പക്ഷേ, മരിച്ച നിലയിലാണ് പുറത്തെടുക്കാനായത്.
‘‘ഗാസിയൻടെപ് എഫ്.കെക്കെതിരെ അവൻ കാര്യമായി കളിച്ചിരുന്നില്ല. എന്നാൽ, കസിംപാസ മത്സരത്തിൽ അവസാന മിനിറ്റിൽ അവൻ സ്കോർ ചെയ്തു. കുടുംബത്തെ സന്ദർശിക്കാൻ വിദേശത്തേക്ക് യാത്ര തീരുമാനിച്ചതായിരുന്നു. എന്നാൽ, നന്നായി കളിച്ച് ഗോളടിച്ചതോടെ ടിക്കറ്റ് റദ്ദാക്കി. അവന്റെ ഏറ്റവും സന്തോഷമുള്ള ദിനത്തിൽ തന്നെയായിരുന്നു ഭൂകമ്പമെത്തുന്നത്. രാത്രി 11 മണിക്കായിരുന്നു അവന്റെ വിമാനം. പക്ഷേ, ടിക്കറ്റ് റദ്ദാക്കി. പുലർച്ചെ നാലു മണിക്ക് ഭൂകമ്പമെത്തി. അക്ഷരാർഥത്തിൽ ദുരന്തമായി’’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.