ഇന്ത്യൻ ഫുട്ബാളിലെ മിന്നും താരങ്ങളിൽ ഒരാളാണ് സി.കെ വിനീത്. ഇന്ത്യൻ ടീമിനൊപ്പം കളിച്ച സി.കെ വിനീത് ചിരാഗ് യുണൈറ്റഡ്, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്.സി, ജംഷെഡ്പൂർ എഫ്.സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളിലും കളിച്ച വിനീത് തന്റെ ഗോളടി മികവ് പലവട്ടം തെളിയിച്ചതാണ്. എന്നാൽ, ഗോളടിയിൽ മാത്രമല്ല കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നതിലും ഇന്ത്യൻ ഫുട്ബാളർ സൂപ്പർ ഷാർപാണ്. വിനീതെടുത്ത ഒരു ചിത്രം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ സനിൽ ഷാ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
സനിൽ ഷായുടെ ഫേസ്ബുക്ക് കുറിപ്പ്
കോപ്പ അമേരിക്കയിൽ ബ്രസീൽ, കോസ്റ്റാറിക്കയുമായി സമനിലയിൽ ഞെരുങ്ങിക്കുടുങ്ങിയ പ്രഭാതം. ഗോളില്ലാക്കളിക്ക് ശേഷം വീണ്ടും മയക്കത്തിലേക്ക് വീണു. പിന്നീടെപ്പോഴോ ഉണർന്നപ്പോൾ വാട്സ് ആപ്പിൽ കണ്ടത് ഇങ്ങനെയൊരു മെസേജ്.
Arod choichita Njan eduth pic dp akiyath?
ഈമെസേജ് കണ്ടപ്പോൾ ആദ്യം ഒന്നമ്പരന്നു. തീർത്തും അപ്രതീക്ഷിത സന്ദേശം. കുറേ ദിവസങ്ങൾക്ക് മുൻപിട്ടതിനാൽ ഡി പി ചിത്രം എന്താണെന്ന് മറന്നിരുന്നു. ഒന്നുകൂടി എടുത്തുനോക്കി. മൊബൈലിൽ മുഴുകിയ അഘോറി.
ഫേസ്ബുക്കിൽ ഏതോ ഫോട്ടോഗ്രഫി ഗ്രൂപ്പിൽ നിന്ന് കിട്ടിയ പടം. ലൗകിക ജീവിതം ഉപേക്ഷിച്ചുവെന്ന് കരുതപ്പെടുന്ന , അപാര മാനസിക ശക്തിയുള്ളവരെന്ന് വിശ്വസിക്കപ്പെടുന്ന അഘോരി സന്യാസി മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്ന പടം. കൗതുകത്തിനപ്പുറം ഏറെ ചിന്തിപ്പിച്ച പടം. ഇതുകൊണ്ടുതന്നെയാണ് ഈ ചിത്രം വാട്സ് ആപ്പിൽ ഡി പിയാക്കിയത്. ചിത്രം ആര്, എവിടെനിന്ന് എടുത്തതെന്ന് അറിയില്ലായിരുന്നു. അതെല്ലാം മറന്നിരിക്കെയാണ് ആ ചോദ്യം, പൊള്ളുന്നൊരു ഗോൾപോലെ വാട്സ് ആപ്പിൽ വന്നു വീണത്. ആരോട് ചോദിച്ചിട്ടാ ഞാൻ എടുത്ത പിക് ഡി പി ആകിയത്?.
വാട്സ് ആപ്പ് ഡിപിയിലേക്കെത്തിയ കഥ, മറുപടിയായി നൽകിയിപ്പോൾ, ചിത്രമെടുത്ത, മെസേജയച്ചയാൾ ഇന്ത്യമുഴുവൻ സഞ്ചരിച്ച് മണിക്കൂറുകൾക്ക് മുന്നേ കേരളത്തിൽ തിരിച്ചെത്തിയിട്ടേയുള്ളൂ.വ്യത്യസ്തമായ അഘോറിപ്പടം ക്യാമറയിൽ കുടുങ്ങിയ സന്ദർഭവും സാഹചര്യവും അവസ്ഥയുമെല്ലാം ഫോട്ടോഗ്രാഫർ വിശദീകരിച്ചു. ചുരുക്കിപ്പറഞ്ഞാൽ അതിങ്ങനെ... ഇന്ത്യൻ പര്യടനത്തിനിടെ വാരണാസിയിൽ നിന്നാണ് ഈകാഴ്ച ക്യാമറയിൽ പതിഞ്ഞത്. അഘോരികൾ അത്യാധുനിക മൊബൈൽ ഫോണിലേക്ക് എത്തിയതിൽ അത്ഭുതപ്പെടേണ്ടതില്ല. പൈസയാണ് ഇവർക്കും പ്രധാനം. ചിത്രമെടുക്കുന്നതിനും പണം ചോദിച്ചു. കൈയിൽ പണമായി ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്താൽ മതിയെന്നായി അഘോരി. വാരണാസിയിൽ ഇതുപോലെ നിരവധി അഘോരികളുണ്ട്.
വേഷഭൂഷാധികൾ എല്ലാമുണ്ടെങ്കിലും എല്ലാ സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്നവർ മാത്രമല്ല ഇതിനോടെല്ലാം ആർത്തിയുള്ളവർ. വരുന്നവരോടെല്ലാം പണം ചോദിക്കാനും വാങ്ങാനും യാതൊരു മടിയുമില്ലാത്തവർ. ഈ ചിത്രത്തിലുള്ളയാൾ മാത്രമല്ല, കാമറയ്ക്ക് മുന്നിൽപ്പെട്ട അഘോരികളെല്ലാം ഇതേ സ്വഭാവവും പെരുമാറ്റവും ഉള്ളവർ. വാരണാസിയിലേക്ക് എത്രയോ ആളുകൾ ഓരോ ദിവസവും എത്തുന്നു. അവരിൽ ചിത്രങ്ങളെടുക്കാത്തവർ അത്യപൂർവം. ചിത്രമെടുക്കുന്നതിനും ഒപ്പം സെൽഫിയെടുക്കുന്നതിനുമെല്ലാം അഘോരികൾക്ക് പണംവേണം. അൻപത് രൂപകൊടുത്തപ്പോൾ അഞ്ഞൂറ് ആവശ്യപ്പെടുന്നവർ.
ഇതൊരു വരുമാനമാക്കി, കൈനിറയെ പണം നിറയ്ക്കുന്നവർ.... അപ്പോൾ യഥാർഥ അഘോരികൾ എവിടെയാവും...?
അഘോറികളെക്കുറിച്ച് കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമെല്ലാം തകിടം മറിച്ച ചിത്രവും, ചിത്രകഥയുമെല്ലാം വെളിപ്പെടുത്തിയത് വെറുമൊരു സഞ്ചാരിയല്ല, ചിരാഗ് യുണൈറ്റഡ്, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ് സി, ജംഷെഡ്പൂർ എഫ് സി, ഈസ്റ്റ് ബംഗാൾ ക്ലബുകളിൽ എണ്ണംപറഞ്ഞ ഗോളുകളിലൂടെ ശ്രദ്ധേയനായ സാക്ഷാൽ സി കെ വിനീത്. ഗോളടി മികവുപോലെ ക്യാമറക്കണ്ണിലും വിനീത് സൂപ്പർ ഷാർപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.