ബംഗളൂരു: സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ബുധനാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പന്തുരുളുമ്പോൾ പ്രതികൂല കാലാവസ്ഥയിൽ ആശങ്കയുമായി ടീമുകൾ. മതിയായ പരിശീലനമോ തയാറെടുപ്പോ നടത്താനാകാത്തതും പ്രതിസന്ധിയാണ്. ടൂർണമെന്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന വാർത്തസമ്മേളനത്തിലാണ് ഇന്ത്യ, ലബനാൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, കുവൈത്ത്, നേപ്പാൾ ടീമുകളുടെ കോച്ചുമാർ ആശങ്ക പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മുതൽ ബംഗളൂരുവിൽ കനത്ത മഴയാണ്.
ഭുവനേശ്വരിൽ നടന്ന ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിനു ശേഷം ഇടവേളയില്ലാതെയാണ് ഇന്ത്യ, ലബനാൻ ടീമുകൾ ബംഗളൂരുവിലെത്തിയത്. പരിശീലന മാച്ചുകളോ മതിയായ തയാറെടുപ്പോ ഇല്ലാതെ സാഫിന് ഇറങ്ങുന്നതിൽ ആശങ്കയുണ്ടെങ്കിലും പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.
റാങ്കിങ്ങിനപ്പുറം എല്ലാ ടീമുകളെയും ശക്തരായാണ് കാണുന്നത്. ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബംഗളൂരുവിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയം ആവശ്യമാണെങ്കിലും അത് കിട്ടിയില്ല. മികച്ച ടീമാണ് പാകിസ്താൻ.
അവരുടെ ഏഴോളം കളിക്കാർ വിദേശതാരങ്ങളാണ്. അന്താരാഷ്ട്ര ടീമുകളുമായി അടുത്തിടെ കളിച്ചതിന്റെ ഗുണവും അവർക്ക് കിട്ടിയിട്ടുണ്ട്. ലബനാൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കുവൈത്തും കരുത്തരാണ്. എല്ലാ എതിരാളികളെയും ശക്തരായാണ് കാണുന്നതെന്നും ഇന്ത്യൻ കോച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.