കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിൽ മറനീക്കുന്നത് സംസ്ഥാന-ജില്ല സ്പോർട്സ് കൗൺസിലുകൾ തമ്മിലെ ഭിന്നത.സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി. ശ്രീനിജിൻ എം.എൽ.എയും പരസ്പരം പഴിചാരി രംഗത്തുവന്നതിന് പിന്നാലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് മേഴ്സികുട്ടനും ജില്ല സ്പോർട്സ് കൗൺസിലിനെതിരെ ആരോപണവുമായി രംഗത്തുവന്നത് വിവാദം വീണ്ടും സജീവമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് എട്ട് മാസത്തെ വാടക കുടിശ്ശിക നൽകാനുണ്ടെന്നും മുൻകൂർ അനുമതി വാങ്ങാതിരുന്നതിനാലാണ് സെലക്ഷൻ ട്രയൽ നടന്ന പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിന്റെ ഗേറ്റ് തുറക്കാതിരുന്നതെന്നുമാണ് ശ്രീനിജിൻ ആവർത്തിക്കുന്നത്. എന്നാൽ, വാടക കുടിശ്ശികയില്ലെന്നാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ വാദം.
ഗ്രൗണ്ടിന്റെ അധികാരം ആർക്കെന്നത് സംബന്ധിച്ചും ഇരുകൂട്ടരും തമ്മിൽ ഭിന്നതയുണ്ട്. ഗ്രൗണ്ടിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നാണ് ഇരുവിഭാഗവും വാദിക്കുന്നത്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന് വാടക കുടിശ്ശിക അടക്കാൻ നിർദേശം നൽകി ജില്ല സ്പോർട്സ് കൗൺസിൽ ഏപ്രിൽ ആറിന് നൽകിയ കത്ത് പുറത്തുവന്നു.
ജില്ല സ്പോർട്സ് കൗൺസിലുമായി നിയമവിരുദ്ധമായി കരാറിലേർപ്പെട്ടെന്നും 2022 ആഗസ്റ്റിന് ശേഷമുള്ള വാടക അടിയന്തരമായി അടച്ചുതീർക്കണമെന്നും കാണിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ. ലീന കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മാർച്ച് പത്തിന് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.
ഇതിന് ശേഷമാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ ഭൂമി സ്വകാര്യ ക്ലബിന് കൈമാറാൻ നീക്കം നടത്തുകയാണെന്നും പ്രശ്നത്തിൽ ഇടപെടണമെന്നും കാണിച്ച് മാർച്ച് 17ന് ശ്രീനിജിൻ കായിക മന്ത്രിക്ക് കത്ത് നൽകിയത്.
ഗ്രൗണ്ടിൽ ജില്ല സ്പോർട്സ് കൗൺസിലിന് ഒരു അധികാരവുമില്ലെന്നും കേരള ബ്ലാസ്റ്റേഴ്സിനെ ഭീഷണിപ്പെടുത്തിയാണ് ശ്രീനിജിൻ അടക്കമുള്ളവർ കരാറിൽ ഒപ്പിടീച്ചതെന്നും മേഴ്സികുട്ടൻ ആരോപിക്കുന്നു. ഇരു സ്പോർട്സ് കൗൺസിലുകളും തമ്മിൽ ഏറെ നാളായി നിലനിൽക്കുന്ന ശീതസമരമാണ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിലൂടെ മറനീക്കിയതെന്നാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്.
അതേസമയം, പ്രശ്നത്തിൽ പരസ്യ പ്രതികരണം ഒഴിവാക്കാൻ ബന്ധപ്പെട്ടവർക്ക് സർക്കാർതലത്തിലും പാർട്ടിതലത്തിലും നിർദേശം നൽകിയതായി സൂചനയുണ്ട്.
ഇതിനിടെ, വാടക കുടിശ്ശികയില്ലെന്ന വാദം ഉയർത്തുമ്പോൾതന്നെ ഇതുസംബന്ധിച്ച കൂടുതൽ പ്രതികരണത്തിനില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് അധികൃതരുടെയും നിലപാട്. അനുമതിയില്ലെന്ന് ആരോപിച്ച് തിങ്കളാഴ്ച രാവിലെ പനമ്പിള്ളി നഗറിലെ ഗ്രൗണ്ടിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീമിന്റെ സെലക്ഷൻ ട്രയൽ ജില്ല സ്പോർട്സ് കൗൺസിൽ തടഞ്ഞതാണ് വിവാദങ്ങൾക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.