ആരാധകർക്ക് മെസ്സിയുടെ 'ഹാപ്പി ഓണം'; ഫുട്ബാൾ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി ലിയോ

ഏറെ നാളുകൾക്ക് ശേഷം ഫുട്ബാളിലേക്ക് തിരിച്ചുവരവ് നടത്തി അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സി. ഫിലഡെൽഫിയ യൂണിയനെതിരെയാണ് മെസ്സി കളത്തിൽ ഇറങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോൾ നേടി ഇന്‍റർ മയാമി വിജയിച്ച മത്സരത്തിൽ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും നൽകി. ഈ സീസണിൽ ഇതുവരെ 14 ഗോളും 14 അസിസ്റ്റും മെസ്സി തന്‍റെ പേരിൽ കുറിച്ചിട്ടുണ്ട്. മത്സരം തുടങ്ങി കുറച്ച് മിനിറ്റുകൾക്ക് ശേഷം മിഖായേൽ ഉഹ്റെയിലൂടെ ഫിലഡെൽഫിയ ലീഡ് നേടിയിരുന്നു.

എന്നാൽ 26ാം മിനിറ്റിൽ തന്നെ മെസ്സി മയാമിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ജോർദി ആൽബയുടെ കാലിൽ നിന്നും പന്ത് സ്വീകരിച്ച സുവാരസ് അത് മെസ്സിയിലേക്ക് എത്തിക്കുകയായിരുന്നു. നാല് മിനിറ്റുകൾക്ക് ശേഷം മെസ്സി വീണ്ടും വല കുലുക്കിയതോടെ മയാമി മത്സരത്തിൽ മുന്നിലെത്തുകയായിരുന്നു. പിന്നീട് അവസാന മിനിറ്റുകളിൽ മെസ്സിയുടെ പാസിൽ സുവാരസ് കൂടി ഗോൾ നേടിയതോടെ മയാമി കൃത്യമായ ലീഡ് അടയാളപ്പെടുത്തി.

മയാമിയുടെ ഗോൾകീപ്പർ ഡ്രേക്ക് കല്ലെണ്ടറും മത്സരം പിടിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കണക്കുകൾക്ക് അപ്പുറം മികച്ച പ്രകടനമായിരുന്നു ഫിലഡെൽഫിയ കാഴ്ചവെച്ചത്. മയാമി ഒമ്പത് ഷോട്ടുകൾക്ക് ശ്രമിച്ചപ്പോൾ 20 ഷോട്ടിനാണ് ഫിലഡെൽഫിയ ശ്രമിച്ചത്. ഇതിൽ എട്ട് ഓൺ ടാർഗറ്റ് ഷോട്ടുകളുമുണ്ടായിരുന്നു. മികച്ച ഫിനിഷിങ് നടത്തി ഗോൾ നേടാൻ ഫിലഡെൽഫിയക്ക് സാധിക്കാത്തതും മയാമി ഗോൾ കീപ്പറുടെ പ്രകടനവും മയാമിയെ രക്ഷിക്കുകയായിരുന്നു.

മയാമിയുടെ തുടർച്ചയായുള്ള അഞ്ചാം വിജയമായിരുന്നു ഈ മത്സരത്തിലേത്. കോപ്പ അമേരിക്ക ഫൈനലിലേറ്റ പരിക്കിന് ശേഷം മെസ്സി ആദ്യമായാണ് ഫുട്ബാൾ ഗ്രൗണ്ടിലേക്കെത്തിയത്. എന്നാൽ അതിന്‍റെ ഒരു കുറവും അദ്ദേഹത്തിന്‍റെ പ്രകടനത്തിൽ കാണാൻ സാധിക്കില്ലായിരുന്നു. 

Tags:    
News Summary - messi came back to football ground and netted two goals for miami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT