ദോഹ: ഏഷ്യൻ കപ്പ് റിപ്പോർട്ട് ചെയ്യാനായി വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മാധ്യമപ്രവർത്തകരാൽ സജീവമായ മുശൈരിബിലെ മെയിൻ മീഡിയ സെന്ററാണ് വേദി. ടൂർണമെന്റ് തയാറെടുപ്പ് വിശദീകരിക്കാൻ സംഘാടകർ വിളിച്ചുചേർത്ത വാർത്തസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൗതുകത്തിന് വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരോട് കിരീടസാധ്യത ആർക്കായിരിക്കുമെന്ന് ആരാഞ്ഞു. ആസ്ട്രേലിയയിൽ നിന്നെത്തിയ ബിലാൽ അബ്ദുല്ലക്ക് ഫൈനലിൽ ആരെല്ലാം ഏറ്റുമുട്ടുമെന്നതിൽ സംശയമില്ല. ദക്ഷിണ കൊറിയയും ജപ്പാനും തന്നെ.
ആസ്ട്രേലിയയുടെ അവസ്ഥ എന്താണെന്ന ചോദ്യത്തിന് സെമിവരെ എത്തിയാലായെന്ന് മറുപടി. ബ്രിട്ടനിൽനിന്നുള്ള സാം ആഷോ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർക്കൊപ്പം സൗദി അറേബ്യ, ഇറാൻ, യു.എ.ഇ എന്നിവരും മുന്നേറാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുമ്പോൾ, ഫൈനൽ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലെന്ന് ഉറപ്പിക്കുന്നു. കിരീടത്തിൽ രണ്ടുപേർക്കും സാധ്യത കൽപിക്കുകയാണ് അദ്ദേഹം. വിയറ്റ്നാമിൽനിന്നെത്തിയ തുങ് ലീക്കും മലേഷ്യക്കാരൻ അഫിഫിനും സാധ്യതകളിൽ മുന്നിൽ ദക്ഷിണ കൊറിയയും ജപ്പാനും തന്നെ.
വൻകരയുടെ കളിമാമാങ്കത്തിന് ലയണൽ മെസ്സി കിരീടമണിഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ഫുട്ബാൾ ആരാധകരുടെയെല്ലാം നാവിൻതുമ്പിൽ ഏഷ്യൻ ജയന്റ്സായ ഈ രണ്ടു പേരുകൾ മാത്രമാണുള്ളത്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനവും താരപ്പടയും എടുത്തുപറഞ്ഞുകൊണ്ട് കിരീടം കൊറിയക്കോ ജപ്പാനോ സമർപ്പിക്കുന്നു. സൺ ഹ്യൂങ് മിന്നും കിം മിൻ ജേയും അണിനിരക്കുന്ന ദക്ഷിണ കൊറിയയും വതാരു എൻഡോ, തകുമി മിനാമിനോ, തകേഹിരോ തൊമിയാസു എന്നിവരുടെ ജപ്പാനുമാണ് കിരീടപ്രവചനങ്ങളിൽ ഏറെ മുന്നിൽ. ആസ്ട്രേലിയ, ഇറാൻ, സൗദി, യു.എ.ഇ, ഖത്തർ ടീമുകൾ അപകടകാരികളെങ്കിലും അവസാന കടമ്പയിൽ കൊറിയയും ജപ്പാനും വെല്ലുവിളിയാവുമെന്ന് ഉറപ്പിക്കുന്നു.
വൻകര മഹാമേളയുടെ കിക്കോഫ് വിസിൽ മുഴക്കം മണിക്കൂർ അകലെയാണെങ്കിലും ദോഹ ശാന്തമാണ്. ഗതാഗതമാർഗമായ ദോഹ മെട്രോയും നഗരത്തിൽ തലങ്ങും വിലങ്ങുമോടുന്ന കർവയുടെയും മെട്രോ ലിങ്ക് ബസുകളിലുമൊന്നും വലിയ ബഹളമില്ല. കളിയുടെ ഏറ്റവും വലിയ പൂരമായ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ നാട്ടിൽ ഇനി, ഏഷ്യൻ കപ്പ് എന്ന മിനി പൂരമെത്തുമ്പോൾ ‘വെടിക്കെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതേ’ എന്ന ഭാവത്തിലാണ് സംഘാടകരും നാട്ടുകാരും.
സ്റ്റേഡിയങ്ങളും പരിശീലനവേദികളും ടീമുകളുടെ താമസവും ഗതാഗതസംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും മാധ്യമങ്ങൾക്കുള്ള സൗകര്യങ്ങളുമെല്ലാം നേരത്തേ ഉപയോഗിച്ച് വിജയിച്ചതായതിനാൽ, എല്ലാം അതേപടി മുഖംമിനുക്കി ഏഷ്യൻകപ്പിനായി മാറ്റി കാത്തിരിക്കുകയാണ് സംഘാടകർ. ലോകകപ്പിന് വേദിയായ എട്ടിൽ ഏഴു സ്റ്റേഡിയങ്ങളും ഒപ്പം മറ്റു രണ്ടു വേദികളും ഉൾപ്പെടെ ഒമ്പതു സ്റ്റേഡിയങ്ങളിലായാണ് കളി നടക്കുന്നത്. ജനുവരി 12ന് ഖത്തർ-ലബനാൻ ഉദ്ഘാടനമത്സരത്തിനും ഫെബ്രുവരി 10ന് ഫൈനൽ മത്സരത്തിനും ലുസൈൽ സ്റ്റേഡിയം വേദിയാകും. ലോകകപ്പിന്റെ മറ്റു വേദികളായ ഖലീഫ സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, അൽ ബെയ്ത് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, അൽ തുമാമ എന്നിവിടങ്ങളും ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ എന്നീ സ്റ്റേഡിയങ്ങളുമാണ് ടൂർണമെന്റിന്റെ വേദിയാകുന്നത്.
24 ടീമുകളും 51 മത്സരങ്ങളുമുള്ള ഏഷ്യൻ കപ്പിൽ ഗ്രൂപ് റൗണ്ട് ഉൾപ്പെടെ മത്സരങ്ങൾക്കായി കാണികൾ സജീവമാകുമെന്ന് പ്രാദേശിക സംഘാടക സമിതി മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ റബിഅ അൽ കുവാരി പറഞ്ഞു. ഇതിനകം ഒമ്പതു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. മൂന്നു ഘട്ടങ്ങളിലായി നടന്ന ടിക്കറ്റ് വിൽപനക്ക് ആവേശത്തോടെയായിരുന്നു ആരാധകരിൽനിന്നുള്ള പ്രതികരണം.
ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയവരിൽ മുൻനിരയിൽ തന്നെ ഇന്ത്യക്കാരുമുണ്ട്. ഖത്തർ, സൗദി ആരാധകർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഒരു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിന് വേദിയായപ്പോൾ കാണികളും വളന്റിയർമാരും സംഘാടകരുമായി സജീവമായ ഇന്ത്യക്കാർക്ക് ഇത്തവണ തങ്ങളുടെ ടീമും കളത്തിലുണ്ടെന്നത് ഇരട്ടി ആവേശമാകും. ജനുവരി 13ന് ശനിയാഴ്ച ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തർ സമയം ഉച്ച 2.30ന് (ഇന്ത്യൻ സമയം അഞ്ചു മണി) ആണ് ആദ്യ കളി. 18ന് ഉസ്ബകിസ്താനെയും 23ന് സിറിയയെയും ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ നേരിടും.
തണുത്തുവിറക്കുന്ന രാത്രിക്കും പകലിനും കളിച്ചൂട് പകർന്നാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ മേളയെത്തുന്നത്. അർധരാത്രിയിൽ അന്തരീക്ഷം 13 ഡിഗ്രിയിലേക്കുവരെ കുറഞ്ഞുതുടങ്ങുമ്പോഴും കളിക്കൊപ്പം ആഘോഷിക്കാൻ ഒരുപിടി ഇടങ്ങളുണ്ട്. ഉച്ചയോടെ വിവിധ സ്റ്റേഡിയങ്ങളിൽ കളികൾ സജീവമാവുകയായി.
വൈകുന്നേരത്തോടെ, രാത്രികളെ സജീവമാക്കുന്ന ആഘോഷവേദികളും ഉണരും. പന്തുരുളുംമുമ്പേ ലുസൈൽ ബൊളെവാഡിൽ ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളുടെയും ‘കൺട്രി സോണുകളു’മായി ഹലോ ഏഷ്യക്ക് ബുധനാഴ്ച തുടക്കംകുറിച്ചു. കതാറയിലും ദോഹ എക്സ്പോ വേദിയിലുമെല്ലാം ഒരുപിടി പരിപാടികളാണ് ഏഷ്യൻ കപ്പിനൊപ്പം ഒരുക്കിയത്. ഇതോടൊപ്പം, ലോകകപ്പിൽ സർവലോക സംഗമവേദിയായി മാറിയ സൂഖ് വാഖിഫും വിവിധ രാജ്യങ്ങളിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.