വാഷിങ്ടൺ: ബ്രസീൽ നേരത്തേ മടങ്ങിയ കോപയിൽ കരുത്തോടെ കളിക്കുന്ന രണ്ടു മുൻനിര ടീമുകൾ നാളെ രണ്ടാം സെമിയിൽ മുഖാമുഖം. ഉജ്ജ്വല ഫോമിൽ തുടരുന്ന കൊളംബിയയും കണക്കുകളിൽ അത്രയോ അതിലേറെയോ മികവു കാട്ടുന്ന ഉറുഗ്വായിയുമാണ് ഫൈനൽ തേടി നോർത്ത് കരോലൈനയിലെ ബാങ്ക് ഓഫ് അമേരിക്ക മൈതാനത്ത് ബൂട്ടുകെട്ടുന്നത്. ഏറ്റവും പ്രതീക്ഷയർപ്പിക്കപ്പെട്ട ടീമുകളിലൊന്നായ ബ്രസീലിനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് മാഴ്സലോ ബിയൽസ പരിശീലിപ്പിക്കുന്ന ഉറുഗ്വായ് അവസാന നാലിലെത്തിയത്. 120 മിനിറ്റിലും സാംബ മുന്നേറ്റത്തെ ഗോളടിക്കാതെ പിടിച്ചുകെട്ടി അവർ. 2011നുശേഷം ആദ്യമായാണ് ടീം കോപ അമേരിക്ക സെമി കളിക്കുന്നത്. നാലു കളികളിൽ ഒമ്പത് വട്ടം എതിർവല കുലുക്കിയവർ ഒരു ഗോൾ മാത്രം വഴങ്ങിയതും അപൂർവ റെക്കോഡ്. ലിവർപൂൾ താരം ഡാർവിൻ നൂനസ് തന്നെ ഉറുഗ്വായ് ആക്രമണത്തിന്റെ കുന്തമുന.
മറുവശത്ത്, ക്വാർട്ടർ ഫൈനലിൽ പാനമയെ എതിരില്ലാത്ത അഞ്ചു ഗോളിന് തൂത്തുവാരിയാണ് കൊളംബിയയുടെ വരവ്. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, റിച്ചാർഡ് റിയോസ്, മിഗ്വൽ ബോർഹ തുടങ്ങി ഓരോരുത്തരും ചേർന്നായിരുന്നു ഏറ്റവും മികച്ച സ്കോറുകളിലൊന്ന് അടിച്ചെടുത്തത്. 2022 ഫെബ്രുവരിയിൽ അർജന്റീനയോട് തോറ്റശേഷം രണ്ടു വർഷത്തിലേറെയായി തോൽവിയറിയാതെ കുതിക്കുന്നവരെന്ന റെക്കോഡും ടീമിന് സ്വന്തം. ഗ്രൂപ് ഘട്ടത്തിൽ ബ്രസീലിനെ 1-1ന് ടീം പിടിച്ചുകെട്ടി. അവസാന നാലു കോപ ചാമ്പ്യൻഷിപ്പുകളിൽ കൊളംബിയക്ക് മൂന്നാം സെമിയാണിത്. എന്നാൽ, സമീപകാലത്തൊന്നും ഫൈനൽ കളിച്ചില്ലെന്ന ശാപം ടീമിന് മുന്നിലുണ്ട്. അത് തിരുത്തുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.