ഗോളും അസിസ്റ്റുമായി ബ്രസീലിയൻ താരം റഫീഞ്ഞ നിറഞ്ഞുനിന്ന മത്സരത്തിൽ ദുർബലരായ എതിരാളികൾക്കെതിരെ ബാഴ്സലോണക്ക് നിറംമങ്ങിയ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബർബാസ്ട്രോയെയാണ് ബാഴ്സ കീഴടക്കിയത്. തുടക്കം മുതൽ അവസരങ്ങളേറെ നഷ്ടപ്പെടുത്തിയ ബാഴ്സ 18ാം മിനിറ്റിൽ ഫെർമിൻ ലോപസിലൂടെയാണ് ലീഡ് നേടിയത്. വലതുവിങ്ങിൽനിന്ന് റഫീഞ്ഞ നൽകിയ ക്രോസ് താരം അനായാസം എതിർ പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റിനകം റഫീഞ്ഞയിലൂടെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. ഹെക്ടർ ഫോർട്ട് നൽകിയ മനോഹര ക്രോസ് വലതുവിങ്ങിലൂടെ ഓടിയെടുത്ത റഫീഞ്ഞ വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എന്നാൽ, ഒമ്പത് മിനിറ്റിനകം ബർബാസ്ട്രോ ഒരുഗോൾ തിരിച്ചടിച്ചു. കോർണർകിക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ പന്ത് ലഭിച്ച അഡ്രിയ ഡി മെസ പന്ത് പോസ്റ്റിനുള്ളിലേക്ക് തട്ടിയിടുകയായിരുന്നു.
88ാം മിനിറ്റിൽ ബാഴ്സ മൂന്നാം ഗോളിലെത്തി. ലെവൻഡോവ്സ്കിയുടെ ഹെഡർ ബോക്സിൽ എതിർ താരത്തിന്റെ കൈയിൽതട്ടിയതിനെ തുടർന്ന് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതുകയായിരുന്നു. കിക്കെടുത്ത ലെവൻഡോവ്സ്കി പന്ത് പിഴവില്ലാതെ നെറ്റിലെത്തിച്ചതോടെ രണ്ട് ഗോൾ ലീഡായി. എന്നാൽ, ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബാഴ്സ ബോക്സിൽ എതിർ താരം ഫൗൾ ചെയ്യപ്പെട്ടതോടെ ബർബാസ്ട്രോക്ക് അനുകൂലമായും പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത മാർക് പ്രാറ്റ് സെറാനോക്ക് പിഴച്ചില്ല. ഇതോടെ മത്സരം 3-2ന് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.