സമകാലിക ഫുട്ബാളിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിൽ തർക്കങ്ങളുണ്ടായേക്കാം എന്നാൽ സോഷ്യൽ മിഡിയ അടക്കി ഭരിക്കുന്ന കായിക താരമാരെന്ന കാര്യത്തിൽ തർക്കങ്ങൾക്ക് പ്രസക്തിയില്ല. ഒറ്റപ്പേര് -ക്രിസ്റ്റ്യാനോ റെണാൾഡോ. ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിലായി 50 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ കായിക താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പോർചുഗീസ് താരം.
ഇൻസ്റ്റഗ്രാമിൽ മാത്രം 36കാരന് 26.1 കോടി ഫോളോവേഴ്സുണ്ട്. ട്വിറ്ററിൽ 9.1 കോടി ആളുകളാണ് യുവന്റസ് സൂപ്പർ താരത്തെ പിന്തുടരുന്നത്. ഫേസ്ബുക്കിലും ഫാൻസുള്ള റൊണാൾഡോയുടെ പേജിന് 12.5 കോടി ലൈക്കുകളാണ് ലഭിച്ചത്.
ഇൻസ്റ്റഗ്രാമിൽ സജീവമായ ക്രിസ്റ്റ്യാനോ ഡ്വൈൻ ജോൺസൺ (റോക്ക്), ലയണൽ മെസ്സി, നെയ്മർ എന്നീ കായിക താരങ്ങളെയാണ് പിന്നിലാക്കിയത്. ഇവരിൽ ഡബ്ല്യു. ഡബ്ല്യു.ഇ റസ്ലിങ്ങിൽ തുടങ്ങി ഹോളിവുഡ് സൂപ്പർ താരമായി മാറിയ ഡ്വൈൻ ജോൺസൺ ( 21.7 കോടി) മാത്രമാണ് 20 കോടിക്ക് മേൽ ഫോളോവേഴ്സുള്ള മറ്റൊരു കായികതാരം.
മെസ്സിക്ക് 18.3 കോടി ഫോളോവേഴ്സിനെ ലഭിച്ചപ്പോൾ 14.6 കോടി ഫോളോവേഴ്സാണ് നെയ്മറിന് ഇൻസ്റ്റഗ്രാമിലുള്ളത്.
20 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ മുഴുവൻ ഫോളോവേഴ്സിന്റെയും എണ്ണം കൂടി കൂട്ടിയാലും ക്രിസ്റ്റ്യാനോയുടെ അടുത്തെത്തില്ല. 15.9 കോടിയാണ് 20 പ്രീമിയർ ലീഗ് ക്ലബുകളുടെ മുഴുവൻ ഫോളോവേഴ്സിന്റെയും എണ്ണം. 10 കോടി ഫോളോവേഴ്സിന്റെ മുൻതൂക്കമാണ് താരത്തിന്.
ജനുവരിയിലായിരുന്നു ഇൻസ്റ്റഗ്രാമിലെ റോണോയുടെ ഫോളോവേഴ്സിന്റെ എണ്ണം 25 കോടി പിന്നിട്ടത്. വെറും 467 പേരെ മാത്രമാണ് അദ്ദേഹം പിന്തുടരുന്നത്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം സ്പോൺസേഡ് പോസ്റ്റുകൾക്ക് ദശലക്ഷം യു.എസ് ഡോളറാണ് താരം ഈടാക്കുന്നത്.
ഫേസ്ബുക്കിലും ഏറ്റവും കൂടുതൽ ലൈക്കുകളുള്ള താരമാണ് ക്രിസ്റ്റ്യാനോ. മൊത്തം കണക്കെടുക്കുേമ്പാൾ ഫോസ്ബുക്ക് ഒഫീഷ്യൽ പേജിനും (21.4 കോടി), ദക്ഷിണ കൊറിയൻ കമ്പനി സാംസങ്ങിനും (15.9 കോടി) ശേഷം മൂന്നാം സ്ഥാനത്താണ്. മെസ്സിയുടെ എഫ്.ബി പേജിന് 9 കോടി ലൈക്കുകളാണുള്ളത്.
ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണം 10 കോടി ആയില്ലെങ്കിലും മൈക്രോബ്ലോഗിങ് സൈറ്റിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കായിക താരം ക്രിസ്റ്റ്യാനോയാണ്. ട്വിറ്ററിലെ ടോപ് 20 വ്യക്തിത്വങ്ങളിലെ ഏക കായിക താരവും കൂടിയാണ് ക്രിസ്റ്റ്യാനോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.