കാലം സാക്ഷി, ചരിത്രമെഴുതി ക്രിസ്റ്റ്യ​ാനോ റൊണാൾഡോ; ഹംഗറിയെ തുരത്തി പറങ്കിപ്പട

ബുഡാപെസ്റ്റ്​: ഹെറങ്ക്​ പുഷ്​കാസ്​ സ്​റ്റേഡിയത്തിൽ ആർപ്പുവിളികളുമായി തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കിക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു ചരിത്ര നേട്ടം കൂടി പേരിലാക്കി. യൂറോകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ്​ ഇനി റൊണാൾഡോയുടെ പേരിൽ തിളങ്ങും. ഫ്രഞ്ച്​ ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ പേരിലുണ്ടായിരുന്ന 9 ഗോളുകളുടെ റെക്കോർഡാണ്​ റൊണാൾഡോ 86ാം മിനുറ്റിലെ പെനൽറ്റി ഗോളിലൂടെ മറികടന്നത്​. മിനിറ്റുകൾക്ക്​ ശേഷം മറ്റൊരു ഗോൾ കൂടിക്കുറിച്ച്​ റൊണാൾഡോ യൂറോ തുടക്കം ഗംഭീരമാക്കി. പൊരുതി നിന്ന ഹംഗറിയെ അവസാന പത്തുമിനിറ്റിൽ പിറന്ന മൂന്നുഗോളുകളാൽ നിലവിലെ ചാമ്പ്യൻമാർ​ നിലംപരിശാക്കുകയായിരുന്നു​.


കളിയുടെ സിംഹഭാഗവും പന്ത്​ കൈവശം വെച്ചിട്ടും ഹംഗറിയുടെ പ്രതിരോധത്തെ മറികടക്കാനാകാതെ  മുടന്തിനീങ്ങുന്നതിനിടെ 84ാം മിനുറ്റിൽ റാഫേൽ ഗുറേറിയോയാണ്​ പോർച്ചുഗൽ കാത്തിരുന്ന നിമിഷം സമ്മാനിച്ചത്​. പെനൽറ്റി ബോക്​സിൽ നിന്നും ഗുറേറിയോ തൊടുത്ത ഷോട്ട്​ ഹംഗറിയുടെ പ്രതിരോധ ഭടന്‍റെ കാലിൽതട്ടി ഗോളിലേക്ക്​ കുതിക്കുകയായിരുന്നു. രണ്ട്​ മിനുറ്റുകൾക്ക്​ ശേഷം റാഫയെ പെനൽറ്റി ​ബോക്​സിൽ വെച്ച്​ ഫൗൾ ചെയ്​തതിന്​ ലഭിച്ച പെനൽറ്റി അനായാസം വലയിലെത്തിച്ച് റൊണാൾഡോ സ്വതസിദ്ധമായ ആഹ്ലാദ പ്രകടനം മുഴക്കി ചരിത്രത്തിലേക്ക്​ കയറി. ഇഞ്ചുറി ടൈമിലായിരുന്നു റൊണാൾഡോയുടെ രണ്ടാംഗോൾ. തക്കം പാർത്തുനിന്ന മുന്നേറ്റത്തിനൊടുവിൽ ഗോൾകീപ്പറെയും സമർഥമായി വെട്ടിച്ച്​ റോണോ ഗോളിലേക്ക്​ നിറയൊഴിക്കു​േമ്പാൾ നോക്കി നിൽക്കാനേ ​ ഹംഗറിക്കായുള്ളൂ.


പോർച്ചുഗലിന് മുന്നിൽ പ്രതിരോധം തീർത്ത്​ കൗണ്ടർ അറ്റാക്കുകളിലൂടെ കുതിച്ചുകയറാനായിരുന്നു ഹംഗറിയുടെ ഗെയിംപ്ലാൻ. 80ാം മിനുറ്റിൽ ഷോൺ ഹംഗറിക്കായി വലകുലുക്കിയെങ്കിലും ഓഫ്​ സൈഡ്​ പതാക ഉയർന്നതോടെ ഗാലറിയിലെ ആരവങ്ങളടങ്ങി. 

Tags:    
News Summary - Cristiano Ronaldo becomes top goal-scorer in EURO history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.