യൂറോപ്യൻ ലീഗിലേക്ക് മടങ്ങിപോകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ സന്തുഷ്ടനാണെന്നും ഇവിടെ തന്നെ തുടരുമെന്നും സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയെയും കരീം ബെൻസേമയെയും സൗദിയിലേക്ക് ക്ഷണിക്കുന്നതായും താരം പറഞ്ഞു.
സൗദി ലീഗിൽ താരം അസ്വസ്ഥനാണെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങിപോകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് നിലപാട് വ്യക്തമാക്കി താരം തന്നെ രംഗത്തുവന്നത്. സൗദി പ്രോ ലീഗിലെ ആദ്യ സീസണിൽ തന്നെ ക്രിസ്റ്റ്യാനോക്ക് നിരാശയായിരുന്നു ഫലം.
ക്രിസ്റ്റ്യാനോയുടെ ക്ലബായ അൽ -നസ്റിനെ മറികടന്ന് അൽ -ഇത്തിഹാദ് ലീഗ് കിരീടം നേടിയിരുന്നു. കഴിഞ്ഞ വർഷം റെക്കോഡ് തുകക്കാണ് താരം അൽ -നസ്റിലെത്തിയത്. സൂപ്പർതാരത്തിന്‍റെ കരുത്തിൽ ഇത്തവണ ലീഗ് കിരീടം നേടാമെന്ന ക്ലബിന്‍റെ പ്രതീക്ഷയാണ് പൊലിഞ്ഞത്. ടീം ചാമ്പ്യന്മാരായില്ലെങ്കിലും ക്രിസ്റ്റ്യാനോയുടെ വ്യക്തിഗത പ്രകടനം അത്ര മോശമല്ല. 16 ലീഗ് മത്സരങ്ങളിൽനിന്ന് 14 ഗോളുകളുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ അഞ്ചാമതാണ് താരം.
പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡിലേക്ക് താരം മടങ്ങിപോകുമെന്നായിരുന്നു അഭ്യൂഹം. ‘ഞാൻ ഇവിടെ സന്തുഷ്ടനാണ്, ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു, ഞാൻ ഇവിടെ തുടരും. എന്റെ അഭിപ്രായത്തിൽ, അടുത്ത അഞ്ചു വർഷത്തേക്ക് ഈ ശ്രമങ്ങൾ തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നായി സൗദി ലീഗ് മാറുമെന്ന് കരുതുന്നു’ -ക്രിസ്റ്റ്യാനോ അഭിമുഖത്തിൽ പറഞ്ഞു.
സൗദി ലീഗ് വളരെ മികച്ചതാണ്. പക്ഷേ ഇനിയും വളരാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് കരുതുന്നു. ലീഗ് മത്സരാധിഷ്ഠിതമാണ്. വളരെ നല്ല ടീമുകളുണ്ട്, മികച്ച അറബ് താരങ്ങളുണ്ട്, പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. റഫറിയിങ്ങും വാർ സംവിധാനവും കുറുച്ചുകൂടി വേഗത്തിലാക്കണമെന്നും താരം കൂട്ടിച്ചേർത്തു. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കരീം ബെൻസേമയും സൗദി ലീഗിലേക്ക് വരുമെന്ന തരത്തിലുള്ള വാർത്തകളോടും താരം പ്രതികരിച്ചു.
മെസ്സിക്കും ബെൻസേമക്കും ലീഗിലേക്ക് സ്വാഗതം. അത്തരം താരങ്ങളുടെ വരവ് ലീഗിന്‍റെ വളർച്ചക്ക് മുതൽക്കൂട്ടാകുമെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. റയൽ വിടുന്ന ബെൻസേമ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 400 മില്യണ്‍ പൗണ്ടിന് രണ്ടു വര്‍ഷത്തെ കരാറാണ് ഇത്തിഹാദ് ഫ്രഞ്ച് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.