റഫറിയോട് തട്ടിക്കയറി, സെൽഫിയെടുക്കുന്നയാളെ തള്ളിമാറ്റി ക്രിസ്റ്റ്യാനോ! -വിഡിയോ

ഇൻജുറി ടൈമിലെ ഗോളിലൂടെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി സൗദി ക്ലബ് അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയെങ്കിലും മത്സരത്തിനിടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

പ്ലേ ഓഫ് മത്സരത്തിൽ അവസാന മിനിറ്റുകളിലെ നാടകീയ തിരിച്ചുവരവിനൊടുവിൽ യു.എ.ഇ ക്ലബായ ശബാബ് അൽ അഹ്‌ലിയെ 4-2ന് തകർത്താണ് ടീം ഏഷ്യൻ ക്ലബ് പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൗദി ക്ലബ് 2-1ന് പിന്നിലായിരുന്നു. എന്നാൽ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ അടിച്ചുകൂട്ടി അൽ നസ്ർ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്.

പ്രോ ലീഗ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ അൽ-നസ്റിന് ഈ ത്രസിപ്പിക്കുന്ന വിജയം വലിയ ആത്മവിശ്വാസമാകും. ഇടവേളക്ക് പിരിയുന്നതിനിടെയാണ് ക്രിസ്റ്റ്യാനോ റഫറിയോട് തട്ടിക്കയറുന്നത്. പെനാൽറ്റി അപ്പീൽ നിരസിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. മൈതാനത്തുനിന്ന് താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടെ, റഫറിമാരുടെ അടുത്തുപോയി താരം രോഷാകുലനായി സംസാരിക്കുകയായിരുന്നു.

പിന്നാലെയെത്തിയ സഹതാരമയ ആൻഡേഴ്സൺ ടാലിസ്കയും റഫറിയോടും അസിസ്റ്റന്‍റിനോടും സംസാരിക്കുന്നതും വിഡിയോയിൽ കാണാനാകും. ടീമിലെ മറ്റൊരു താരമായ അബ്ദുല്ല അൽ അമ്രിക്കൊപ്പം ടച്ച് ലൈൻ കടക്കുന്നതിനിടെ താരം 'ഉണരൂ' (വേക്ക് അപ്പ്) എന്ന് വിളിച്ചുപറയുന്നതും ഇതിനിടെ താരത്തിനു മുന്നിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ഒരു ഒഫിഷ്യലിനെ രോഷത്തോടെ തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്.

Tags:    
News Summary - Cristiano Ronaldo in furious spat as he slams referee and pushes away man taking selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.