ഹാംബർഗ്: ഫ്രാൻസിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പോർചുഗൽ കണ്ണീരോടെ മടങ്ങിയപ്പോൾ എല്ലാവരുടെയും ചോദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലായോ എന്നായിരുന്നു. മത്സരശേഷം പൊട്ടിക്കരഞ്ഞ ടീമിലെ മുതിർന്ന താരം പെപെയെ നെഞ്ചോടുചേർത്ത് ആശ്വസിപ്പിച്ച ക്യാപ്റ്റൻ റൊണാൾഡോയും തോൽവിയിൽ ദുഃഖിതനായിരുന്നു.
തുടർച്ചയായി ആറുതവണ യൂറോ കപ്പിൽ കളിച്ച് റെക്കോഡ് നേടിയ റൊണാൾഡോ ഇനിയൊരു വൻകര പോരിനുണ്ടാകില്ലെന്ന് വ്യക്തമാണ്. പ്രായം 40ലേക്ക് കടക്കുന്ന താരം 2026ലെ ലോകകപ്പിൽ ടീമിലുണ്ടാകുമോയെന്നും ഉറപ്പില്ല. 2016ൽ പോർചുഗലിനൊപ്പം കിരീടം നേടിയ റൊണാൾഡോ ഇത്തവണ അഞ്ച് മത്സരങ്ങളിൽ ഫീൽഡ് ഗോളില്ലാതെയാണ് മടങ്ങുന്നത്. ഫ്രാൻസിനും സ്ലൊവീനിയക്കുമെതിരായ ഷൂട്ടൗട്ടിലെ ഗോൾ മാത്രം. സ്ലൊവീനിയക്കെതിരെ പ്രീക്വാർട്ടറിൽ അധികസമയത്ത് പെനാൽറ്റി പാഴാക്കി. 23 ഷോട്ടുകളാണ് ഗോൾവല ലക്ഷ്യമാക്കി പായിച്ചിരുന്നത്. ഒന്നും ഫലം കണ്ടില്ല.
സൗദി അറേബ്യയിൽ ക്ലബ് മത്സരത്തിൽ കഴിഞ്ഞ എട്ട് കളികളിലും ഈ ബൂട്ടിൽ നിന്ന് ഗോൾ വന്നിട്ടില്ല. ഖത്തർ ലോകകപ്പിൽ അവസാന മൂന്ന് മത്സരങ്ങളിലും ലക്ഷ്യം കാണാനായില്ല. ഗോളടിച്ചില്ലെങ്കിലും ആദ്യ ഇലവനിൽതന്നെ റൊണാൾഡോക്ക് കോച്ച് റോബർട്ടോ മാർട്ടിനസ് അവസരം നൽകിയിരുന്നു. സ്ലൊവീനിയക്കും ഫ്രാൻസിനുമെതിരെ അധിക സമയത്തും കളിച്ചു. ജോർജിയക്കെതിരായ മത്സരത്തിൽ മാത്രമാണ് രണ്ടാം പകുതിയിൽ റൊണാൾഡോ കളംവിട്ടത്. ഖത്തർ ലോകകപ്പിനേക്കാൾ സന്തോഷത്തിലാകും പോർചുഗൽ സുപ്പർ താരം മടങ്ങുന്നത്. ലോകകപ്പിൽ പകരക്കാരനായി ഇറങ്ങിയ റൊണാൾഡോക്ക് പാസ് നൽകാൻ പോലും ചില താരങ്ങൾ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.