ബാലൺ ഡി ഓർ ഇനി ഇവർ അടക്കി വാഴും! ഭാവി പുരസ്കാര ജേതാക്കളെ പ്രവചിച്ച് ക്രിസ്റ്റ്യാനോ

ഇത്തവണ ബാലൺ ഡി ഓർ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽ ഉൾപ്പെട്ടവരേക്കാൾ വാർത്താപ്രധാന്യം നേടിയത് അതിനു പുറത്തായ അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയും പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ആയിരുന്നു. ഇരുവരും ഇല്ലാതെ 2003ന് ശേഷം ആദ്യമായാണ് ഒരു ബാലൺ ഡി ഓർ സാധ്യത പട്ടിക പുറത്തുവരുന്നത്.

2007-2023 കാലയളവിൽ മെസ്സിയും ക്രിസ്റ്റ്യാനോയും പുരസ്കാരം പങ്കിടുന്നതാണ് ഫുട്ബാൾ ലോകം കണ്ടത്. 13 തവണയാണ് ഇരുവരും പുരസ്കാരം നേടിയത്. ഇതിനിടെ മൂന്നു തവണ മാത്രമാണ് പുതിയൊരു അവകാശി എത്തിയത്. കരിയറിന്‍റെ സയാഹ്നത്തിൽ യൂറോപ്യൻ ക്ലബ് ഫുട്ബാൾ വിട്ട് അമേരിക്കൽ സോക്കർ ലീഗിലും സൗദി പ്രോ ലീഗിലും കളിക്കുന്ന ഇരുവർക്കും ഇനിയൊരു ബാലൺ ഡി ഓർ പുരസ്കാരം അസാധ്യമാണ്. കാൽപന്ത് ലോകത്തെ ഇരുധ്രുവങ്ങളിലായി നിർത്തിയ രണ്ടു പേരുകൾ 30 അംഗപട്ടികയിൽനിന്ന് പുറത്തായതോടെ ഒരു യുഗമാണ് അവസാനിക്കുന്നത്.

മെസ്സിക്ക് പ്രായം 37, സിആർ7ന് 39ഉം. ഇക്കാലമത്രയും ഇരുവരും പങ്കിട്ടെടുത്ത ആ പുരസ്കാരത്തിൽ ഇനി പുതുതലമുറ ഫുട്ബാൾ താരങ്ങൾ മുത്തമിടും. റയൽ മഡ്രിഡ് താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, വിനീഷ്യസ് ജൂനിയർ എന്നിവരുടെ പേരുകളാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്. ഒക്ടോബർ 28ന് പാരീസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. എന്നാൽ, ബാലൺ ഡി ഓറിർ ഇനി വരാനുള്ള കാലം അടക്കി വാഴുന്ന നാലു താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.

കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട്, ജൂഡ് ബെല്ലിങ്ഹാം, ലാമിൻ യമാൽ എന്നിവരാണ് ക്രിസ്റ്റ്യാനോയുടെ ഭാവിയിലെ ബാലൺ ഡി ഓർ താരങ്ങൾ. ‘എംബാപ്പെയുടെ കാലമാണ് ഇനി, ക്ലബിന്‍റെ ഘടന മനോഹരമാണ്, അത് നല്ലതാണ്. അവർക്ക് മികച്ചൊരു പരിശീലകനും പ്രസിഡന്‍റുമുണ്ട് (ഫ്ലോറന്‍റിനോ പെരസ്). അവർ വർഷങ്ങളായി അവിടെയുണ്ട്’ -ക്രിസ്റ്റ്യാനോ പറഞ്ഞു.

എംബാപ്പെക്ക് വരുന്ന വർഷങ്ങളിൽ ബാലൺ ഡി ഓർ പുരസ്കാരം നേടാനാകും. എർലിങ് ഹാലണ്ട്, ബെല്ലിങ്ഹാം, യമാൽ എന്നിവർക്കും ഒരുപാട് സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർ മയാമിയിലേക്ക് ചേക്കേറിയെങ്കിലും ലോക കീരീടം നേടിയ താരമെന്ന നിലയിൽ കഴിഞ്ഞ വർഷം മെസ്സിയാണ് ബാലൺ ഡി ഓർ ജേതാവായത്.

Tags:    
News Summary - Cristiano Ronaldo names future successor to Ballon d'Or dominance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.