കിരീടപ്രതീക്ഷകളിലേക്ക് ബൂട്ടുകെട്ടിയിറങ്ങിയ ക്രിസ്റ്റ്യാനോ സംഘത്തിന് കരുത്തരായ എതിരാളികൾക്ക് മുന്നിൽ എതിരില്ലാത്ത രണ്ടു ഗോൾ തോൽവി. വെറുതെ വഴങ്ങിയ രണ്ടു പെനാൽറ്റികൾ ഗോളിലെത്തിച്ച് മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ട്രൈക്കർ ഒഡിയോൺ ഇഗാലോയാണ് അൽഹിലാലിനെ അർഹിച്ച ജയത്തിലെത്തിച്ചത്. ഗോളടിക്കാൻ മറന്ന് ഒരിക്കലൂടെ നിരാശ സമ്മാനിച്ച ക്രിസ്റ്റ്യാനോ കളിക്കിടെ എതിർ താരത്തിന്റെ കഴുത്തിന് പിടിച്ച് കാർഡ് വാങ്ങിയും ശ്രദ്ധിക്കപ്പെട്ടു.
കരുത്തരുടെ നേരങ്കമായതിനാൽ ഇരു ടീമുകളും കരുതലോടെയാണ് പന്തു തട്ടിയത്. ഉരുക്കു കോട്ട തീർത്ത് പ്രതിരോധനിര പിന്നിൽനിന്നപ്പോൾ മുന്നേറ്റങ്ങൾ പാതിവഴിയിൽ മടങ്ങി. ഇതിനിടെയാണ് എതിർ താരങ്ങളെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയും കൈകൊണ്ട് പന്തു തൊട്ടും അൽനസ്ർ രണ്ടുവട്ടം പെനാൽറ്റി ചോദിച്ചുവാങ്ങിയത്. കിക്കെടുത്ത ഇഗാലോയാകട്ടെ, അനായാസം അവ വലയിലെത്തിക്കുകയും ചെയ്തു.
ഒന്നിലേറെ അർധാവസരങ്ങളുമായി എതിർ ഗോൾമുഖത്ത് ഓടിക്കയറാൻ ശ്രമിച്ച ക്രിസ്റ്റ്യാനോ എതിർതാരത്തെ മാരകമായി ഫൗൾ ചെയ്താണ് കാർഡ് വാങ്ങിയത്. പന്തിനായി ചാടുന്നതിനിടെ എതിർ താരത്തിന്റെ കഴുത്തിന് ഇരു കൈകളും ഉപയോഗിച്ച് പൂട്ടിട്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ ഫൗൾ. മുൻ പ്രിമിയർ ലീഗ് റഫറി മൈക്കൽ ഒളിവർ മഞ്ഞ കാർഡ് നൽകിയെങ്കിലും അതിലേറെ അർഹിക്കുന്നുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രതികരണം.
കളി അവസാനിക്കാൻ 15 മിനിറ്റ് ശേഷിക്കെ എതിർവല കുലുക്കി ക്രിസ്റ്റ്യാനോ പ്രായശ്ചിത്തം ചെയ്തെങ്കിലും റഫറി അനുവദിച്ചില്ല. ഓഫ്സൈഡ് വിസിൽ മുഴക്കിയായിരുന്നു റഫറി ഗോൾ നിഷേധിച്ചത്.
കോച്ച് റൂഡി ഗാർസിയയുമായി വഴി പിരിഞ്ഞ് ഡിങ്കോ ജെലിസിച്ചിന് ചുമതല നൽകിയാണ് അൽനസ്ർ ചൊവ്വാഴ്ച ഇറങ്ങിയത്. അൽഹിലാലിനെതിരെ ജയം നിർബന്ധമായിരുന്നിട്ടും ടീം ആദ്യാവസാനം പതറി. തോൽവിയോടെ സൗദി ലീഗിൽ അൽഇത്തിഹാദ് ഒരു കളി കുറച്ച് കളിച്ച് മൂന്ന് പോയിന്റ് ലീഡ് ഉറപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.