ലണ്ടൻ: കരിയറിൽ കരുത്തുകുറയുന്നുവെന്ന് തോന്നുന്ന ഘട്ടത്തിൽ മാഞ്ചസ്റ്റർ തന്നെ പുകച്ചുപുറത്തുചാടിക്കാനാണ് ശ്രമം നടത്തുന്നതെന്ന കടുത്ത ആരോപണവുമായി സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ വഞ്ചിക്കപ്പെട്ടുവെന്നും ക്ലബിൽ തുടരുന്നത് ചിലയാളുകൾ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ഈ വർഷം മാത്രമല്ല, കഴിഞ്ഞ വർഷം മുതൽ ഈ അവസ്ഥ നിലനിൽക്കുന്നുവെന്നും ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. 'കോച്ച് മാത്രമല്ല, മറ്റു രണ്ടു മൂന്നു പേർ കൂടി ചേർന്നാണ് തന്നെ പുകച്ചുപുറത്തുചാടിക്കാൻ ശ്രമിക്കുന്നത്. വഞ്ചിക്കപ്പെട്ടതായി തോന്നുകയാണ്. കോച്ചിന് തന്നോട് ബഹുമാനമില്ലാത്തതിനാൽ തിരിച്ചും ബഹുമാനം തോന്നുന്നില്ലെന്നും റൊണാൾഡോ തുറന്നടിച്ചു.
കഴിഞ്ഞ മാസം ടോട്ടൻഹാമിനെതിരെ സബ്സ്റ്റിറ്റ്യുഷന് വിസമ്മതിച്ചതിനെ തുടർന്ന് തൊട്ടുപിറകെ ചെൽസിക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ മാറ്റിനിർത്തിയിരുന്നു. നവംബർ ആറിന് ആസ്റ്റൺ വില്ലയോട് തോറ്റ കളിക്കു ശേഷം താരം പിന്നീട് കളിച്ചിട്ടുമില്ല. തുടർന്നുള്ള കളികളിലും റൊണാൾഡോയുടെ സേവനം പ്രയോജനപ്പെടുത്തുമോയെന്ന കാര്യം സംശയമാണ്.
കഴിഞ്ഞ ആഗസ്റ്റിൽ ക്ലബ് വിടാൻ താരം ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനമാകാതെ ഒഴിവാകുകയായിരുന്നു. ഇതോടെയാണ് ക്ലബും താരവും തമ്മിൽ അസ്വാരസ്യം തുടങ്ങിയത്. തുടർതോൽവികളുമായി കൂപ്പുകുത്തിയ യുനൈറ്റഡിൽ രക്ഷക വേഷവുമായി എത്തിയ പുതിയ പരിശീലകൻ ടെൻ ഹാഗുമായി തുടക്കം മുതൽ ക്രിസ്റ്റ്യാനോ അത്ര സ്വരച്ചേർച്ചയിലല്ല. ഇത് ഓരോ നാളും കൂടുതൽ വഷളായി വരുന്നത് സ്ഥിതി വഷളാക്കുകയാണ്.
ഒലേ സോൾഷ്യർ പരിശീലകനായ കാലത്താണ് ഇറ്റാലിയൻ ലീഗിൽനിന്ന് താരം ക്ലബിൽ തിരിച്ചെത്തിയിരുന്നത്. പിൻഗാമിയായി റാൽഫ് റാങ്നിക്ക് വന്നെങ്കിലും അതിവേഗം അദ്ദേഹം മടങ്ങിയ ഒഴിവിലാണ് ഹാഗ് ചുമതലയേറ്റത്. തിരിച്ചുവരവിന്റെ വഴിയിലുള്ള ടീം നിലവിൽ പ്രിമിയർ ലീഗ് പട്ടികയിൽ അഞ്ചാമതാണ്.
ക്രിസ്റ്റ്യാനോയുടെ സ്വഭാവം ശരിയല്ലെന്ന് നേരത്തെ മുൻ യുനൈറ്റഡ് താരം വെയ്ൻ റൂണി കുറ്റപ്പെടുത്തിയിരുന്നു. താരത്തെ തിരിച്ചുവിമർശിച്ച് ക്രിസ്റ്റ്യാനോയും രംഗത്തെത്തി.
കടുത്ത വിമർശനങ്ങളടങ്ങിയ ഒന്നര മണിക്കൂർ അഭിമുഖത്തിലുടനീളം ക്ലബുമായി തന്റെ അടുപ്പവും പോർച്ചുഗീസ് നായകൻ വിശദീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.