മിലാൻ: ടീം ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായതിനുള്ള സകല വിമർശനങ്ങളും ഏറ്റുവാങ്ങിയ ക്രിസ്റ്റ്യാനോ റെണാൾഡോ എല്ലാവർക്കും ബൂട്ടുകൊണ്ട് മറുപടി പറഞ്ഞു. സൂപ്പർതാരത്തിന്‍റെ ഹാട്രിക് മികവിൽ യുവന്‍റസ് കാഗ്ലിയാരിയെ 3-1ന് തകർത്തു. ജയിച്ചെങ്കിലും സീരി എ പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുവന്‍റസ് (55). ഇന്‍റർ മിലാനും (65) എ.സി മിലാനുമാണ് (56) ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
എതിരാളികളുടെ തട്ടകത്തിൽ ആദ്യ 32 മിനിറ്റിനുള്ളിൽ തന്നെ റോണോ ഹാട്രിക് തികച്ചു. മത്സരത്തിന്‍റെ 10ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ തൊടുത്തു വിട്ട കനത്ത ഒരു ഹെഡ്ഡർ എതിർ ഗോൾകീപ്പർ അലെസിയോ ക്രാഗ്നോക്ക് തടുക്കാനായില്ല.
തൊട്ടുപിന്നാലെ ആൽവരോ മെറാറാട്ടക്ക് ലീഡുയർത്താൻ അവസരം കൈവന്നെങ്കിലും വിജയിച്ചില്ല. 25ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് പോർചുഗീസ് നായകൻ ലീഡ് 2-0 ആക്കി. 32ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെ ഫെഡറികോ ചീസെ നൽകിയ പന്ത് ഇടങ്കാൽ കൊണ്ട് വലയിലേക്ക് കോറിയിട്ട റോണോ ടീമിന് അനിഷേധ്യ ലീഡും മൂന്ന് പോയന്‍റും സമ്മാനിച്ചു.
കഴിഞ്ഞ ദിവസം പോർചുഗീസ് ക്ലബായ എഫ്.സി പോർട്ടോയോട് എവേ ഗോൾ അടിസ്ഥാനത്തിൽ പിന്തള്ളെപ്പട്ടാണ് യുവന്‍റസിന് ക്വാർട്ടർ ബെർത്ത് നഷ്ടമായത്. ഇതിന് പിന്നാലെ വൻവില െകാടുത്ത് വാങ്ങിയ ക്രിസ്റ്റ്യാനോയെ റയൽ മഡ്രിഡിന് തന്നെ വിൽക്കാൻ യുവൻറസ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ താരം ക്ലബിന്‍റെ ഭാവിയാണെന്നായിരുന്നു യുവന്‍റസ് അധികൃതർ ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.