പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ക്ലബിലേക്കുള്ള കൂടുമാറ്റത്തിലൂടെ ഇന്ത്യൻ ആരാധകർക്കും സന്തോഷിക്കാം. എല്ലാം ഒത്തുവന്നാൽ, ചിലപ്പോൾ സൂപ്പർതാരം ഇന്ത്യൻ മണ്ണിലും പന്തുതട്ടാനിറങ്ങും. റെക്കോഡ് തുകക്കാണ് സൗദി പ്രോ ലീഗിലെ വമ്പന്മാരായ അൽ നസർ ക്ലബ് താരത്തെ ടീമിലെടുത്തത്.
താരത്തിന്‍റെ വരവ് സൗദി ലീഗിനൊപ്പം, ഏഷ്യൻ ഫുട്ബാളിനും വലിയ ഊർജമായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ താമസിയാതെ ഇന്ത്യയിൽ ഫുട്ബാൾ കളിക്കുമെന്നും ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാർക്കെതിരെ കളിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏഷ്യൻ വൻകരയുടെ പ്രധാന ഫുട്ബാൾ ടൂർണമെന്‍റുകളിലൊന്നായ എ.എഫ്.സി ചാമ്പ്യൻസ് ലീഗാണ് ഇതിനുള്ള വഴിയൊരുക്കുക.
യുവേഫ ചാമ്പ്യൻസ് ലീഗിന് സമാനമാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗും. വൻകരയിലെ പ്രധാന ലീഗുകളിൽ കൂടുതൽ പോയന്‍റ് നേടുന്നവരും വിജയികളുമാണ് എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുക. നിലവിൽ സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ക്ലബാണ് ഒന്നാമത്. ക്ലബ് ലീഗ് ജയിക്കുകയാണെങ്കിൽ സ്വാഭാവികമായും എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്‍റെ 2023-24 സീസണിലേക്ക് യോഗ്യത നേടും. ഐ.എസ്.എൽ ഷീൽഡ് ജേതാക്കളും ലീഗിലേക്ക് യോഗ്യത നേടും.
ഇന്ത്യയും സൗദി അറേബ്യയും വെസ്റ്റ് റീജിയണിലാണ്. അതുകൊണ്ടു തന്നെ 2023 സീസണിൽ ഇരു രാജ്യങ്ങളും ഒരോ ഗ്രൂപിലായിരിക്കും. അങ്ങനെ, ഐ.എസ്.എൽ ക്ലബും അൽ നസ്ർ കബ്ലും ഓരേ ഗ്രൂപിൽ വരുകയാണെങ്കിൽ ക്രിസ്റ്റ്യാനോ ഇന്ത്യൻ താരങ്ങൾക്കെതിരെ കളിക്കുന്നതിനും ഇന്ത്യൻ മണ്ണിൽ പന്തു തട്ടുന്നതിനും അവസരം ഒത്തുവരും. അതിനായി എല്ലാം ഒത്തുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ താരത്തിന്‍റെ ആരാധകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.