മാഞ്ചസ്റ്റർ: 2021-22 പ്രീമിയർ ലീഗ് സീസണിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഏഴാം നമ്പർ ജഴ്സിയിൽ തന്നെ കളത്തിലിറങ്ങുമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് വ്യക്തമാക്കി. ഇറ്റാലിയൻ ക്ലബായ യുവന്‍റസിൽ നിന്നും അപ്രതീക്ഷിത ട്വിസ്റ്റിലൂടെ തന്‍റെ സ്വന്തം കളിമുറ്റമായ ഓൾഡ്ട്രാഫോഡിൽ തിരിച്ചെത്തിയ റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്ത ഇംഗ്ലണ്ടിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോക്ക് ഏഴാം നമ്പർ ലഭിക്കുന്നതോടെ യുറഗ്വായ് താരം എഡിൻസൺ കവാനി 21ാം നമ്പർ കുപ്പായത്തിലേക്ക് മാറും. ദേശീയ ടീമിൽ കവാനി 21ാം നമ്പർ ജഴ്സിയണിഞ്ഞാണ് കളിക്കുന്നത്. ക്ലബിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ജഴ്സി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് യുനൈറ്റഡ് വിരാമമിട്ടത്.
2003-2009 കാലയളവിൽ കളിച്ച അതേ നമ്പർ ജഴ്സി തന്നെ രണ്ടാം വരവിൽ പോർചുഗീസ് താരത്തിന് നൽകുന്നതായി ക്ലബ് വിശദീകരിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ ചരിത്രത്തിൽ ഏഴാം നമ്പർ ജഴ്സിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇതിഹാസ താരങ്ങളായ ജോർജ് ബെസ്റ്റ്, ബ്രയാൻ റോബ്സൺ, എറിക് കേന്റാണ, ഡേവിഡ് ബെക്കാം എന്നിവരാണ് റോണോക്ക് മുമ്പ് ഏഴാം നമ്പർ ജഴ്സിയണിഞ്ഞിരുന്നത്.
മുമ്പ് ചുകന്ന ചെകുത്താൻമാർക്കായി 292മത്സരം കളിച്ച റൊണാൾഡോ 118 ഗോളുകൾ നേടിയിരുന്നു. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പത് കിരീടങ്ങളും സ്വന്തമാക്കി. സെപ്റ്റംബർ 11 ശനിയാഴ്ച ന്യൂകാസിൽ യുനൈറ്റഡിനെതിരായ ഹോം മത്സരത്തിലായിരിക്കും യുനൈറ്റഡിലെ റൊണാൾഡോയുടെ തിരിച്ചുവരവെന്ന് ക്ലബ് സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.