റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ നസ്ർ കിങ്സ് കപ്പ് ഫൈനലിൽ. റിയാദിലെ അൽ അവ്വാൽ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ അൽ ഖലീജിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ നസ്ർ തകർത്തത്.
സൗദി പ്രോ ലീഗിൽ തലപ്പത്തുള്ള അൽ ഹിലാലാണ് ഫൈനലിൽ നസ്റിന്‍റെ എതിരാളികൾ. അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയാണ് ഹിലാൽ കിങ്സ് കപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. മേയ് 31നാണ് ഫൈനൽ. സൗദി സൂപ്പർ കപ്പ് ജേതാക്കൾ കൂടിയാണ് ഹിലാൽ. മത്സരത്തിന്‍റെ 17, 57 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. പെനാൽറ്റിയിലൂടെ സൂപ്പാർ താരം സാദിയോ മനെയും വലകുലുക്കി. പകരക്കാരൻ ഫവാസ് അൽ-തൊറൈസ് (82ാം മിനിറ്റിൽ) അൽ ഖലീജിനായി ആശ്വാസ ഗോൾ നേടി.
ഖലീജിന്‍റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടുന്നത്. പ്രതിരോധ താരം ലിസാൻഡ്രോ ലോപെസ് നൽകിയ ബാക്ക് പാസ് ഗോൾകീപ്പർ ഇബ്രാഹിം സെഹിച് ഓടിയെത്തി ക്ലിയർ ചെയ്തെങ്കിലും സഹതാരത്തിന്‍റെ ശരീരത്തിൽ തട്ടി പന്ത് വീണത് ബോക്സിന്‍റെ എഡ്ജിലുണ്ടായിരുന്ന ക്രിസ്റ്റ്യോനോയുടെ മുന്നിൽ. ഒട്ടും വൈകാതെ താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് ഇടങ്കാൽ കണ്ട് ഒരു മനോഹര ഷോട്ട് പായിച്ചു.
ഗോൾ കീപ്പർ ഓടിയെത്തുമ്പോഴേക്കും പന്ത് വലയിലെത്തിയിരുന്നു. ഖലീജ് പ്രതിരോധ താരം ഇവോ റോഡ്രിഗസ് ബോക്സിനുള്ളിൽ പന്ത് കൈ കൊണ്ട് തട്ടിയതിനാണ് അൽ നസ്റിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത മനെ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ബോക്സിന്‍റെ വലതു പാർശ്വത്തിൽനിന്ന് അയ്മൻ യഹ്യ നൽകിയ ക്രോസ് വലയിലെത്തിച്ചത് പോർചുഗീസ് താരം രണ്ടാം ഗോളും നേടി.
ഗോൾ കീപ്പർ ഇബ്രാഹിമിന്‍റെ തകർപ്പൻ പ്രകടനമാണ് ഖലീജിന്‍റെ തോൽവി ഈ സ്കോറിലൊതുക്കിയത്. മത്സരത്തിൽ ഒമ്പത് സേവുകളാണ് താരം നടത്തിയത്. 77ാം മിനിറ്റിൽ സെന്‍റർ ബാക്ക് മുഹമ്മദ് അൽ ഖബ്രാനി പരിക്കേറ്റ് പുറത്ത് പോയതും ഖലീജിന് തിരിച്ചടിയായി. ഇതിനകം ടീം അഞ്ചു പകരക്കാരെയും കളത്തിൽ ഇറക്കിയതിനാൽ പത്തു പേരുമായാണ് പിന്നീട് കളിച്ചത്. ആരിഫ് അൽ ഹൈദർ നൽകിയ ക്രോസിൽനിന്നാണ് ഫവാസ് ടീമിനായി ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.