‘വീട്ടിൽ മെസ്സിയെ കുറിച്ച് സംസാരിക്കാറില്ല’; കാരണം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ സഹോദരി

സമകാലീന ഫുട്‌ബാളിലെ വമ്പൻ താരങ്ങൾ, രണ്ടു പതിറ്റാണ്ടോളമായി ലയണൽ മെസ്സി-ക്രിസ്റ്റ്യാനോ റൊണാൾഡോ അച്ചുതണ്ടിലാണ് ഫുട്‌ബാൾലോകം കറങ്ങുന്നത്.

സ്പാനിഷ് ലാ ലിഗയിൽ ഇരുതാരങ്ങളും ഒമ്പതു സീസണുകളിൽ ഒരുമിച്ചു കളിച്ചു. മെസ്സി ബാഴ്സലോണയിലും ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിലും. ആ കാലത്താണ് ഇരുവരുടെയും സൗഹൃദപോരാട്ടം അതിന്റെ ഉന്നതിയിലെത്തിയത്. ഫുട്ബാൾലോകം കണ്ട മഹാപ്രതിഭകളുടെ വളർച്ച അവിടെ തുടങ്ങുന്നു. വ്യത്യസ്തമായ കളി ശൈലികൊണ്ടും മൈതാനത്തെ പ്രകടനം കൊണ്ടും ലോകമെങ്ങും ആരാധകരെ വാരിക്കൂട്ടിയ ഇരുവരെയും താരതമ്യം ചെയ്യുക എന്നത് അസംഭവ്യമായ കാര്യം തന്നെയാണ്.

ഇരുവരും റെക്കോഡുകൾ വാരിക്കൂട്ടുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. പിന്നാലെയാണ് ഇരുവരും കൂടുമാറ്റം നടത്തുന്നത്. മെസ്സി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കും പിന്നാലെ സൗദി ക്ലബായ അൽ -നസ്റിലേക്കും. ഇതിനിടയിലും ആരാണ് മികച്ചവൻ? ആരാണ് ഗോട്ട് (Greatest Of All Time) എന്ന തർക്കം ആരാധകർക്കിടയിൽ അതുപോലെ തുടർന്നുകൊണ്ടിരിക്കുന്നു.

ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്‍റെ കുടുംബവും അർജന്‍റൈൻ സൂപ്പർതാരത്തെ കുറിച്ച് വീട്ടിൽ ഒരിക്കലും സംസാരിക്കാറില്ല. ഇതിനു പിന്നിലെ കാരണം ക്രിസ്റ്റ്യാനോയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു. വീട് എന്നത് പോർചുഗീസ് ഐക്കണിന്‍റെ സുരക്ഷിത ഇടമാണ്, അവിടെ പുറം ലോകത്തെ കാര്യങ്ങളെ കുറിച്ച് സംസാരിക്കാറില്ലെന്നുമാണ് സഹോദരി കാറ്റിയ അന്ന് പറഞ്ഞത്.

‘വീട്ടിൽ മെസ്സിയെ കുറിച്ച് സംസാരിക്കാറില്ല. വാതിലിനു പിന്നിൽ വലിയ കൊടുങ്കാറ്റുണ്ടെന്ന് ക്രിസ്റ്റ്യാനോക്ക് അറിയാം. അവൻ പുറംലോകത്തുനിന്ന് അകത്തേക്ക് കടക്കുമ്പോൾ അവന് സുരക്ഷിതത്വം ഉണ്ടാകണം. അവിടെ വെച്ചാണ് ക്രിസ്റ്റ്യാനോ ഊർജം വീണ്ടെടുക്കുന്നത്’ -കാറ്റിയ പറഞ്ഞു. സീസണൊടുവിൽ പി.എസ്.ജി വിടുന്ന മെസ്സിയുടെ അടുത്ത തട്ടകം ഏതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Tags:    
News Summary - Cristiano Ronaldo’s sister explained why the family is not allowed to talk about Argentine rival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.