1992 ഡെന്മാർക്ക്​, 2004 ഗ്രീസ്​.. ; യൂറോപ്പിലെ ആ കറുത്തകുതിര ആരാകും?

ബ്രിട്ടീഷ്​ എഴുത്തുകാരനായ ബെഞ്ചമിൻ ദിസ്രേലിയുടെ വിഖ്യാത ​ നോവൽ 'ദി യങ്​ ഡ്യൂകിൽ' നായകൻ പങ്കെടുക്കുന്ന ഒരു കുതിരപ്പന്തയത്തിൽ വാതുവെപ്പുകാരുടെ സകല പ്രവചനങ്ങളെയും കാറ്റിൽ പറത്തി ഒരു കറുത്ത കുതിര വിജയിക്കുന്നതായി പറയപ്പെടുന്നുണ്ട്​.'ഡാർക്ക് ഹോഴ്‌സ്' അഥവാ 'കറുത്ത കുതിര' എന്ന ആലങ്കാരിക പ്രയോഗം ഉടലെടുക്കുന്നത് ഈ നോവലിൽ ആണെന്ന് കരുതപ്പെടുന്നു.

പിന്നീട് ഇങ്ങോട്ട് ആ പ്രയോഗം കളിയെഴുത്തുകാരും കളിയാരാധകരും ജനപ്രിയമാക്കുകയായിരുന്നു. വമ്പന്മാർ ഏറ്റുമുട്ടുന്ന പോരാട്ടങ്ങളിൽ അത്രയൊന്നും സാധ്യത കല്പിക്കാത്ത ചെറുടീമുകൾ അട്ടിമറികളിലൂടെ എല്ലാ സാധ്യതകളേയും തച്ചുടച്ചുകൊണ്ട് മുന്നേറുന്നത് ലോകം പലവട്ടം കണ്ടിട്ടുണ്ട്.. 98 ഫുട്​ബാൾ ലോകകപ്പിലെ ക്രൊയേഷ്യ, 2002 ലെ തുർക്കി , 2003 ക്രിക്കറ്റ് ലോകകപ്പിലെ കെനിയ.. അങ്ങനെ അന്താരാഷ്​ട്ര വേദികളിൽ സകല പ്രവചനങ്ങളേയും കാറ്റിൽ പറത്തിക്കൊണ്ട് കുതിപ്പുകൾ ഉണ്ടായിട്ടുണ്ട്​.

ഫുട്‌ബാളിൽ ഇത്തരം അപ്രവചനീയമായ കുതിപ്പുകൾ കപ്പിനും ചുണ്ടിനുമിടയിൽ വീണു പോവുന്നതാണ് കൂടുതലായി കണ്ടിട്ടുള്ളത്, പക്ഷെ 1992 യൂറോയിലെ ഡെന്മാർക്കിന്‍റെ കുതിപ്പ് സമാനതകൾ ഇല്ലാത്തതാണ്. 8 ടീമുകൾ മാത്രമാണ് 92 ലെ യൂറോയുടെ ഫൈനൽസ് കളിച്ചത്. 33 ടീമുകൾ 7 ക്വാളിഫയിങ് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടി ഓരോഗ്രൂപ്പിലെയും  ചാമ്പ്യന്മാർക്ക് സ്വീഡനിൽ നടന്ന 92 ലെ യൂറോ ഫൈനൽസിലേക്ക് യോഗ്യത നേടുന്ന രീതിയിൽ ആയിരുന്നു യോഗ്യത മാനദണ്ഡം. ആതിഥേയർ എന്ന നിലയിൽ സ്വീഡൻ നേരിട്ട് യോഗ്യത നേടിയപ്പോൾ ബാക്കി 7 ടീമുകൾ യഥാക്രമം ഫ്രാൻസ്,സ്‌കോട്ട്‌ലൻഡ്, സോവിയറ്റ് യൂണിയൻ, യുഗോസ്ലാവിയ, ജർമനി, ഹോളണ്ട്, ഇംഗ്ലണ്ട് എന്നിവരായിരുന്നു. കടുത്ത പോരാട്ടം നടന്ന ഗ്രൂപ്പ് ആയിരുന്നു ഡെന്മാർക്കും യുഗോസ്ലാവിയയും ഉൾപ്പെട്ട ഗ്രൂപ്പ് 4. ഒരൊറ്റപോയി​ന്‍റിന്‍റെ വ്യത്യാസത്തിൽ യുഗോസ്ലാവിയ ആണ് സ്വീഡനിലേക്കുള്ള ടിക്കറ്റ് നേടിയത്. ഡെന്മാർക്ക് ചിത്രത്തിൽ പോലും ഇല്ലായിരുന്നു.


എന്നാൽ ഡെന്മാർക്കിന്‍റെ ജാതകം മു​േമ്പ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. യുഗോ​സ്ലാവിയയിൽ പൊട്ടിപുറപ്പെട്ട ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഫിഫയും യുവേഫയും യുഗോസ്ലാവിയക്ക്​ വിലക്ക്​ കൽപ്പിക്കുന്നു. അതോടെ ഡെന്മാർക്കിന്​ അപ്രതീക്ഷിതമായി യോഗ്യത ലഭിക്കുന്നു. ഡെന്മാർക്കിന്‍റെ തുടക്കം ആശാവഹമായിരുന്നില്ല. ആദ്യം ഇംഗ്ലണ്ടിനോട്​ സമനില വഴങ്ങുന്നു, പിന്നീട് സ്വീഡനോട് പരാജയപ്പെടുന്നു. എന്നാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യോഗ്യത റൗണ്ടിലെ എട്ട്​ മത്സരങ്ങളും സമ്പൂർണമായി ജയിച്ചു വന്ന കരുത്തരായ ഫ്രാൻസിനെ ഡെന്മാർക്ക് പരാജയപ്പെടുത്തുന്നു. അതോടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും മറികടന്ന് സ്വീഡനും ഡെന്മാർക്കും നോക്കൗട്ടിലേക്ക് കടന്നു.

ഗ്രൂപ്പ് 2 ൽ നിന്നും ഹോളണ്ടും ജർമനിയും സെമിയിൽ എത്തി. ഡെന്മാർക്കിന്​ നേരിടേണ്ടി വന്നത് സാക്ഷാൽ ഹോളണ്ടിനെ. കൂമാനും, ബർഗ്കാമ്പും റൈക്കാഡും, ഗള്ളിറ്റും, മാർക്കോ വാൻ ബാസ്റ്റനും അടങ്ങുന്ന ഡച്ചുപടയെ ഹെൻട്രിക് ലാൻസന്‍റെ ഇരട്ടഗോളുകളാൽ ഡെന്മാർക്ക് നിശ്ചിത സമയത്ത്​ പിടിച്ചുകെട്ടി. മത്സരം ഷൂട്ടൗട്ടിലേക്ക്​.എന്നാൽ അവിടെ ഹോളണ്ടിന്‍റെ സുവർണ നിരയെ കാത്തിരുന്നത് ഡെന്മാർക്കിന്‍റെ ചാമ്പ്യൻ ഗോൾ കീപ്പർ പീറ്റർ സ്മൈഷെൽ ആയിരുന്നു. മാർക്കോ വാൻ ബാസ്റ്റണെന്ന അതികായന്‍റെ കിക്ക് ഇടത്തേക്ക് ചാടി സേവ്ചെയ്ത സ്‌മെയ്‌ഷെൽ യഥാർഥ്യമാക്കിയത് ഫുട്‌ബാൾ ലോകം അന്നുവരെ കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു.. യൂറോ കിരീടം ഡെന്മാർക്കി​േലക്ക്​!.


1983 ക്രിക്കറ്റ് ലോകകപ്പിൽ കപിലിന്‍റെ ഇന്ത്യയുടെ കുതിപ്പ് ചരിത്രത്തിന്‍റെ ഭാഗമാണ്. ആദ്യ രണ്ടുലോകകപ്പിൽ കാര്യമായ നേട്ടമൊന്നും ഇന്ത്യക്ക്​ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ ബി.സി.സി.ഐയുടെ പണക്കൊഴുപ്പൊന്നും അന്നില്ല എന്നോർക്കണം. ലതാ മങ്കേഷ്ക്കറുടെ നേതൃത്വത്തിൽ നടത്തിയ ഒരു ഗംഭീര ഗാനമേള ആയിരുന്നു ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയുടെ യാത്രചെലവിനുള്ള പണം സമ്മാനിച്ചത്. ക്രിക്കറ്റ് ഭൂപടത്തിൽ സ്വന്തമായ ഇരിപ്പിടം ഇല്ലാത്ത ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ വെസ്റ്റ് ഇൻഡീസ് നെ തോൽപ്പിച്ചപ്പോൾ ക്രിക്കറ്റ് ലോകം പറഞ്ഞു, 'ഫ്ലൂക്ക് ജയം'..! പക്ഷെ ഫൈനലിൽ ഒരിക്കൽ കൂടെ അതേ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ലോകകിരീടം ഉയർത്തിയപ്പോൾ ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽ വെച്ചു.

കപിലിന്‍റെ ചെകുത്താന്മാർ ക്രിക്കറ്റിന്‍റെ പറുദീസയിൽ. ലോഡ്‌സിന്‍റെ ബാൽക്കണിയിൽ കപിൽ ദേവ് പ്രുഡൻഷ്യൽ ലോകകപ്പ് ഉയർത്തി നിൽക്കുന്ന ദൃശ്യം ഓരോ ഇന്ത്യക്കാരനിലും ഇന്നും അഭിമാനം ഉയർത്തുന്നു.ഏതൊരു ടൂർണമെന്‍റിലും കറുത്ത കുതിരകളെ ആദ്യലാപ്പിൽ തന്നെ ഫുട്‌ബാൾ പണ്ഡിതൻമാരും ആരാധകരും കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ 2004 യൂറോയിൽ സംഭവിച്ചത് യഥാർഥ കറുത്ത കുതിരയെ കണ്ടെത്താൻ വൈകി എന്നതാണ്.

ജർമനിയും ഹോളണ്ടും അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് മിലാൻ ബാരോസും പാവൽ നെവ്​വെദും അടങ്ങുന്ന ചെക്ക് റിപ്പബ്ലിക്കിന്‍റെ ഗോൾഡൻ ജനറേഷൻ രണ്ടാം റൗണ്ടിൽ കടക്കുന്നത്. ഫുട്‌ബോൾ ലോകം വിലയിരുത്തി ഈ യൂറോയുടെ കറുത്ത കുതിരകൾ ചെക്ക് റിപ്പബ്ലിക്ക് തന്നെ.!എന്നാൽ ഉദ്​ഘാടന മത്സരത്തിൽ ഒരു അട്ടിമറി നടന്നു. ആ യൂറോ നേടാൻ ഏറ്റവും സാധ്യത കല്പിച്ചിരുന്ന പോർച്ചുഗൽ പരാജയപ്പെടുന്നു. ഗ്രീസാണ് പോർച്ചുഗലിനെപരാജയപ്പെടുത്തിയത്..

തുടർന്ന് സ്‌പെയിയിനിനെ സമനിലയിൽ തളക്കുകയും ചെയ്തതോടെ ഗ്രീസ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടന്നു. എന്നാൽ മറുവശത്ത് ചെക്ക് റിപബ്ലിക്കിന്‍റെ കുതിപ്പ് രാജകീയമായിരുന്നു. ജർമനിയേയും ഹോളണ്ടിനേയും തറപറ്റിച്ചു കൊണ്ട് മൂന്നിൽ മൂന്നും ജയിച്ചാണ് അവർ അടുത്ത റൗണ്ടിൽ എത്തിയത്.


എന്നാൽ ഗ്രീസിന്‍റെ വിശ്വരൂപം പിന്നീടാണ്​ പുറത്തുവന്നത്​. ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കി ഗ്രീസ് അടുത്ത വെടിപൊട്ടിച്ചു. അതേ സമയം ചെക്ക് റിപ്പബ്ലിക്ക് ഡെന്മാർക്ക് നെ അനായാസമായി പരാജയപ്പെടുത്തി സെമിയിൽ കടന്നു. ഫലമോ, ഗ്രീസും ചെക്കും തമ്മിൽ സെമി ഫൈനൽ.! ഗ്രീസിന്‍റെ പ്രതിരോധവും ചെക്കിന്‍റെ ആക്രമണവും തമ്മിൽ ഏറ്റുമുട്ടി,

കടുത്ത പോരാട്ടത്തിനൊടുവിൽ ചെക്ക് റിപ്പബ്ലിക്ക് വീണു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 105 മത്തെ മിനിറ്റിൽ ഡെല്ലസിന്‍റെ തകർപ്പൻ ഹെഡറിൽ ​ഗ്രീസ്​ മുന്നിലെത്തി. ഗ്രീസ് യൂറോ കപ്പ്​ ഫൈനലിൽ. !

സെമിയിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിയ പോർച്ചുഗൽ ആയിരുന്നു ഫൈനലിൽ ഗ്രീക്ക്​ പടയുടെ എതിരാളി. ഒരു പക്ഷേ ലോക ഫുട്‌ബാൾ ചരിത്രത്തിൽ തന്നെ ആദ്യമായി യൂറോയുടെ ഫൈനൽ ഉദ്​ഘാടന മത്സരത്തിന്‍റെ ആവർത്തനമായി മാറി.. ലൂയിസ് ഫിഗോയുടെ ആരാധകർ ഏറെക്കുറെ കപ്പ് ഉറപ്പിച്ചിരുന്നു എന്നതാണ് സത്യം. ലിസ്ബനിലെ അറുപതിനായിരം കാണികളുടെ മുന്നിൽ വച്ചു ഗ്രീസ് പോർച്ചുഗലിനെ മലർത്തിയടിച്ചപ്പോൾ ഏവരും ഞെട്ടി.. ഉഗ്രപ്രതാപികൾ അരങ്ങുവാഴുന്ന യൂറോപ്പിന്‍റെ കിരീടം ഗ്രീസിലെത്തിയിരിക്കുന്നു.


ആ ടൂർണമെൻറിന്​ മുൻപ് 150- 1എന്ന കണക്കിലായിരുന്നു വാതുവെപ്പുകാർക്ക് ഇടയിലെ ഗ്രീസിന്‍റെ സാധ്യതകൾ. 16 രാജ്യങ്ങളിൽ 15ാം സ്ഥാനമായിരുന്നു കപ്പ് നേടാൻ സാധ്യത കല്പിച്ചിരുന്ന ഗ്രീസിന്​ ഉണ്ടായിരുന്നത്. അവിശ്വസനീയമായ കുതിപ്പുകളുടെയും വൻ വീഴ്ചകളുടെയും നിരാശകളുടേയുമെല്ലാം അനേകം കഥകൾ ശേഷിപ്പിച്ചാണ്​ ഓരോ ഫുട്‌ബാൾ ടൂർണമെന്‍റും കൊടിയിറങ്ങാറുള്ളത്​. മറ്റൊരു യൂറോകപ്പിന്‍റെ ആവേശത്തിൽ ഇതെഴുതുമ്പോൾ ആരായിരിക്കും ഇത്തവണ ഒരു അശ്വമേധം നടത്തുക എന്ന ചോദ്യമാണ് മനസ്സിൽ....

Tags:    
News Summary - dark horses who can stage upset in Euro 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.