ചിക്കാഗോ: കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് മുൻപായി നടന്ന സൗഹൃദപോരാട്ടത്തിൽ ഇക്വഡോറിനെതിരെ അർജന്റീനക്ക് ജയം. എയ്ഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ ജയം. സൂപ്പർ താരം ലയണൽ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് അർജന്റീന തുടങ്ങിയത്.
ഡിമരിയക്കൊപ്പം ലൗട്ടാരോ മാർട്ടിനസ് ഹൂലിയൻ ആൽവാരസ് എന്നിവരാണ് ആദ്യ ഇലവനിൽ അർജന്റീനയുടെ മുന്നേറ്റ നിര നയിച്ചത്. 40ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേരോ ബോക്സിനകത്തേക്ക് നീട്ടി നൽകിയ ത്രൂ ഡി മരിയ അനായാസം വലയിലാക്കി.
56ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് മെസ്സി കളത്തിലിറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. ആറു മാസത്തിന് ശേഷമാണ് ദേശീയ കുപ്പായത്തിൽ സൂപ്പർ താരം കളത്തിലിറങ്ങുന്നത്. മികച്ച നീക്കങ്ങളേറെ കണ്ട മത്സരത്തിൽ രണ്ടാം പകുതി പൂർണമായും ഗോളൊഴിഞ്ഞ് നിന്നതോടെ ഏക ഗോളിന്റെ ബലത്തിൽ അർജന്റീന ജയിച്ചു കയറുകയായിരുന്നു.
കോപ്പക്ക് മുന്നോടിയായി ഒരു മത്സരം കൂടി അർജന്റീനക്ക് ബാക്കിയുണ്ട്. ശനിയാഴ്ച ഗ്വാട്ടിമാലക്കെതിരെയാണ് മത്സരം. ജൂൺ 21 ന് കാനഡയുമായാണ് കോപ്പ അമേരിക്കയിലെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.