ഹൈദരാബാദ്: മൂന്ന് കിരീടങ്ങൾ, തുടർച്ചയായ എട്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ്, അഞ്ച് വർഷത്തിനിടെ ഫിഫ റാങ്കിങ്ങിൽ ആദ്യമായി 100ന് താഴെ...ഇങ്ങനെയൊക്കെയായിരുന്നു 2023ൽ ഇന്ത്യൻ ഫുട്ബാൾ ടീം. 2024 പിറക്കുമ്പോഴേക്കുതന്നെ കാര്യങ്ങൾ മാറിത്തുടങ്ങിയിരുന്നു. തോൽവികളും സമനിലകളുമായി ലോകകപ്പ് ഏഷ്യൻ യോഗ്യത റൗണ്ടിൽ നേരത്തേതന്നെ മടക്കം. എ.എഫ്.സി ഏഷ്യൻ കപ്പിലും സമ്പൂർണ തോൽവി. ജയിക്കാനും ഗോളടിക്കാനും മറന്ന ഇന്ത്യൻ ടീം പരിശീലകനെ മാറ്റിപ്രതിഷ്ഠിച്ചിട്ടും രക്ഷയില്ല. ഇന്റർ കോണ്ടിനന്റൽ കപ്പിൽ ദുർബലരായ മൊറീഷ്യസിനോട് സമനിലയും സിറിയയോട് വൻ തോൽവിയും ഏറ്റുവാങ്ങി നീലക്കടുവകൾ കിരീടവും കൈവിട്ടു. പുതിയ കോച്ച് മനോലോ മാർക്വേസിന് കീഴിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാനായിട്ടില്ല.
ത്രിരാഷ്ട്ര ടൂർണമെന്റും ഇന്റർ കോണ്ടിനന്റൽ കപ്പും സാഫ് കപ്പും പോയ വർഷം ഇന്ത്യക്ക് സ്വന്തമായിരുന്നു. ഇതിന്റെ ഫലമെന്നോണം റാങ്കിങ്ങിൽ 99ലെത്തി. 2023ലെ 16ൽ 11 മത്സരങ്ങളിൽ ഇന്ത്യയുടെ വലകുലുക്കാൻ എതിരാളികൾക്ക് കഴിഞ്ഞിരുന്നില്ല. 2024ൽ ഇതുവരെ ഒമ്പത് മത്സരങ്ങളാണ് കളിച്ചത്. ആറിലും തോറ്റപ്പോൾ മൂന്നെണ്ണം സമനിലയിലായി. 13 ഗോളുകൾ വഴങ്ങിയ ഇന്ത്യ തിരിച്ചടിച്ചത് രണ്ടെണ്ണം മാത്രം. ലോകകപ്പ് യോഗ്യത റൗണ്ടിൽ അഫ്ഗാനിസ്താനെതിരെ മുൻ നായകൻ സുനിൽ ഛേത്രിയും ഖത്തറിനെതിരെ ലാലിൻസുവാല ചാങ്തെയും നേടിയ ഗോളുകളാണ് അക്കൗണ്ടിലുള്ളത്. ഛേത്രി വിരമിച്ച വിടവ് നികത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യ. 124 ആണ് നിലവിൽ ഫിഫ റാങ്ക്. ഏഴ് വർഷത്തിനിടെ ടീമിന്റെ ഏറ്റവും മോശം പ്രകടനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.